Sunday, May 5, 2024
spot_img

മദ്യപാനത്തില്‍ ദേശീയ ശരാശരിയെ കടത്തിവെട്ടി കേരളം: ഏറ്റവും കൂടുതൽ മദ്യപാനികൾ ഏതു ജില്ലയെന്നറിയേണ്ടേ?

ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം കേരളത്തില്‍ മദ്യപിക്കുന്നവരുടെ എണ്ണം കൂടുതലാണെന്ന് റിപ്പോർട്ട്. മദ്യപാനത്തിന്റെ കാര്യത്തിൽ ദേശീയ ശരാശരിയേക്കാളും മുന്നിലാണ് കേരളമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സര്‍വേ പ്രകാരം കേരളത്തിലെ ഗ്രാമീണ മേഖലകളിലെ 18.7 ശതമാനം പുരുഷന്മാരും, നഗര മേഖലയിലെ 21 ശതമാനം പുരുഷന്മാരും മദ്യപിക്കുന്നവരാണ്. ദേശീയ തലത്തില്‍ 15 വയസിന് മുകളില്‍ ഉള്ള മദ്യപിക്കുന്നവരുടെ ശരാശരി 18.8 ആണ്. പക്ഷേ കേരളത്തില്‍ ഇത് 19.9 ആണെന്നും സര്‍വേ സൂചിപ്പിക്കുന്നു.

അതേസമയം കേരളത്തിലെ പതിനാല് ജില്ലകളില്‍ ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മദ്യപിക്കുന്നവര്‍ ഉള്ളത് എന്നാണ് സര്‍വേയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ബിവറേജസ് കോര്‍പ്പറേഷന്റെ കണക്കുകള്‍ പ്രകാരം റം ആണ് ആലപ്പുഴക്കാര്‍ക്ക് ഏറെ പ്രിയം. 29 ശതമാനം പുരുഷന്മാരും മദ്യപിക്കുന്നവരാണ്. 0.2 ശതമാനം മാത്രമാണ് സ്ത്രീകളുടെ മദ്യപാനം. ഇവിടെ കഴിഞ്ഞ മാസം 90,684 കൈസ് റം ആണ് വിറ്റത്. ഇത് കൂടാതെ 1.4 ലക്ഷം ബിയറും വിറ്റഴിക്കപ്പെട്ടു.

മദ്യപാനികളുടെ എണ്ണത്തില്‍ രണ്ടാമത് കോട്ടയം ജില്ലയാണ്. ഇവിടെ 27.4 ശതമാനം പുരുഷന്മാരും 0.6 ശതമാനം സ്ത്രീകളുമാണ് മദ്യപിക്കുന്നത്. എന്നാൽ കോട്ടയത്ത് ബ്രാണ്ടിയാണ് പ്രിയപ്പെട്ട മദ്യം എന്നാണ് ബീവറേജ് കോര്‍പ്പറേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തിന്‍റെ മദ്യപാനികളുടെ എണ്ണത്തില്‍ മൂന്നാംസ്ഥാനത്ത് തൃശ്ശൂര്‍ ജില്ലയാണ്. ഇവിടെ 26.2 ശതമാനം പുരുഷന്മാരും, 0.2 ശതമാനം സ്ത്രീകളും മദ്യപിക്കുന്നുണ്ടെന്ന് കുടുംബാരോഗ്യ സര്‍വേ പറയുന്നു.

എന്നാൽ ഏറ്റവും കുറച്ച് മദ്യപാനികള്‍ ഉള്ളത് മലപ്പുറത്താണ്. 7.7 ശതമാനം പുരുഷന്മാരാണ് മലപ്പുറത്ത് മദ്യം ഉപയോഗിക്കുന്നത്. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മദ്യപിക്കുന്ന ജില്ല വായനാടാണ്. ഇവിടെ 1.2 ശതമാനം സ്ത്രീകളാണ് മദ്യപിക്കുന്നത്. തൃശൂര്‍, മലപ്പുറം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസർഗോഡ്, പാലക്കാട്, വയനാട് എന്നിവിടങ്ങളിലുള്ളവര്‍ക്കും ബ്രാന്‍ഡിയോടാണ് പ്രിയം. മറ്റു ജില്ലക്കാര്‍ക്ക് റമ്മിനോടാണ് താല്‍പ്പര്യം കൂടുതല്‍.

Related Articles

Latest Articles