Friday, May 17, 2024
spot_img

അന്ന് നിരവധി പേരുടെ ജീവൻ രക്ഷിച്ചു; ഇനി എട്ട് പേരിലൂടെ അനുജിത്ത് ജീവിക്കും

തിരുവനന്തപുരം: 2010 സെപ്റ്റംബര്‍ ഒന്നിന് പുറത്തിറങ്ങിയ പത്രങ്ങളുടെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു പാളത്തില്‍ വിള്ളല്‍: ചുവന്ന സഞ്ചി വീശി വിദ്യാര്‍ത്ഥികള്‍ അപകടം ഒഴിവാക്കി. അതിന് നേതൃത്വം നല്‍കിയത് ചന്ദനത്തോപ്പ് ഐടിഐയിലെ വിദ്യാര്‍ത്ഥിയും കൊട്ടാരക്കര എഴുകോണ്‍ ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തില്‍ ശശിധരന്‍ പിള്ളയുടെ മകനുമായ അനുജിത്തായിരുന്നു. പാളത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് അര കിലോമീറ്ററോളം ട്രാക്കിലൂടെ ഓടി ചുവന്ന പുസ്തക സഞ്ചി വീശിയാണ് അനുജിത്തും സുഹൃത്തും അപായ സൂചന നല്‍കിയത്. നൂറുകണക്കിന് യാത്രക്കാരുമായി എത്തിയ ട്രെയിന്‍ കൃത്യസമയത്ത് നിര്‍ത്താനായതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കാന്‍ കഴിഞ്ഞു. അന്ന് നിരവധി പേരുടെ ജീവന്‍ രക്ഷിച്ച അനുജിത്ത് (27) ഓര്‍മ്മയാകുമ്പോള്‍ 8 പേരിലൂടെയാണ് ജീവിക്കുന്നത്.

അപടകത്തെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അനുജിത്ത് മസ്തിഷക മരണമടഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധരാകുകയായിരുന്നു. ഹൃദയം, വൃക്കകള്‍, 2 കണ്ണുകള്‍, ചെറുകുടല്‍, കൈകള്‍ എന്നിവയാണ് മറ്റുള്ളവര്‍ക്കായി നല്‍കിയത്. തീവ്ര ദു:ഖത്തിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധരായ കുടുംബത്തോട് ആദരവറിയിച്ചതായി മന്ത്രി കെകെ ശൈലജ കുറിച്ചു. അനേകം പേരെ രക്ഷിച്ച് ജീവിതത്തില്‍ തന്നെ മാതൃകയായ അനുജിത്തിന്റെ കുടുംബത്തിന്റെ വേദനയില്‍ പങ്കു ചേരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. .
ഈ മാസം പതിനാലാം തീയതി കൊട്ടാരക്കരയ്ക്ക് സമീപം വച്ചാണ് അനുജിത്ത് ഓടിച്ച ബൈക്കിന് അപകടം സംഭവിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന അനുജിത്തിനെ ഉടന്‍ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവന്തപുരം മെഡിക്കല്‍ കോളേജിലും കിംസ് ആശുപത്രിയിലുമെത്തിച്ചു. ജീവന്‍ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങളും ഡോക്ടര്‍മാര്‍ നടത്തിയെങ്കിലും 17ന് മസ്തിഷ്‌ക മരണമടയുകയായിരുന്നു. രണ്ട് അപ്നിയ ടെസ്റ്റ് നടത്തി മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. അവയവദാനത്തിന്റെ സാധ്യതകളറിയാവുന്ന ഭാര്യ പ്രിന്‍സിയും സഹോദരി അജല്യയും അവയവദാനത്തിന് മുന്നോട്ട് വരികയായിരുന്നു.
സർക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (KNOS) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. എറണാകുളം ലിസ്സി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തൃപ്പൂണിത്തുറ സ്വദേശി സണ്ണി തോമസിനാണ് (55) ഹൃദയം വച്ചു പിടിക്കുക. ഹൃദയം തിരുവനന്തപുരത്ത് നിന്ന് എറണകുളത്ത് എത്തിക്കാൻ സംസ്ഥാന സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററാണ് ഉപയോഗിച്ചത്.ഈ ഹെലീകോപ്ടറിന്റെ രണ്ടാം അവയവ വിന്യാസ ദൗത്യമായിരുന്നു ഇത്.

Related Articles

Latest Articles