Sunday, May 5, 2024
spot_img

ചെങ്ങന്നൂരമ്മ പുറത്തെഴുന്നള്ളി ;തൃപ്പൂത്താറാട്ടിന്‍റെ നിർവൃതിയിൽ പതിനായിരങ്ങൾ

ചെങ്ങന്നൂര്‍: ഭക്തര്‍ക്ക് ആത്മനിര്‍വൃതിയേകി ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിലെ ദേവിയുടെ തൃപ്പൂത്താറാട്ട് നടന്നു.രാവിലെ ഏഴരയോടെ ദേവിയെ ആറാട്ടിനായി ക്ഷേത്രകടവിലെക്ക് എഴുന്നള്ളിച്ചു. കൂവപ്പൊടി. മഞ്ഞള്‍, കരിക്കിന്‍വെളളം, ഇളനീര്, പനിനീര്, എണ്ണ, പാല്‍ എന്നിവകൊണ്ട് ദേവീ വിഗ്രഹത്തില്‍ അഭിഷേകം നടത്തിയ ശേഷം ആറാട്ടും നടന്നു.

തുടര്‍ന്ന് വിശേഷാല്‍ പൂജകള്‍ക്ക് ശേഷം ഗജവീരന്മാരുടെയും, ചമയതാലപ്പൊലികളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ദേവിയെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. ആറാട്ടുഘോഷയാത്ര കിഴക്കേഗോപുരം കടന്ന് അകത്ത് പ്രവേശിച്ചയുടന്‍ ശ്രീപരമേശ്വരന്‍ ദേവിയെ എതിരേറ്റ് ക്ഷേത്രത്തിന് വലം വയ്ക്കുകയും അകത്തേക്ക് പ്രവേശിക്കുകയും ചെയ്തു. തുടര്‍ന്ന് കളഭാഭിഷേകവും നടന്നു.മലയാളവര്‍ഷത്തെ ആദ്യ തൃപ്പൂത്താറാട്ട് എന്ന നിലയിൽ ഇന്നത്തെ ചടങ്ങുകൾക്ക് പ്രാധാന്യം ഏറെയാണ്

ഒറ്റ ശ്രീകോവിലിനുള്ളില്‍ ശിവപാര്‍വതി പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം. ദേവി രജസ്വലയാകുമ്പോഴാണ് ഈ ആചാരം കൊണ്ടാടുന്നത്. മേല്‍ശാന്തി പൂജചെയ്യുമ്പോള്‍ ദേവിയുടെ ഉടയാടയില്‍ രജസ്വലയായതിന്‍റെ അടയാളം കാണുകയാണെങ്കില്‍ താഴമണ്‍മഠത്തിലെ അന്തര്‍ജനത്തെ അറിയിക്കുന്നു.

ദേവി രജസ്വലയായതാണോ എന്നു ഉറപ്പുവരുത്തുന്നത് അന്തര്‍ജനമാണ്. രജസ്വലയാണെങ്കില്‍ ശ്രീകോവിലില്‍നിന്ന് വിഗ്രഹം തൃപ്പൂത്തറയിലേക്ക് മാറ്റും. പിന്നീടുള്ള പൂജകള്‍ അറയിലായിരിക്കും. നാലാംപക്കം വാദ്യമേളത്തോടുകൂടി മിത്രക്കടവിലേക്ക് എഴുന്നള്ളിച്ച് തൃപ്പൂത്താറാട്ട് നടത്തുന്നു.

തിരുച്ചെഴുന്നള്ളിപ്പ് ആന, ചമയതാലപ്പൊലികളോടെ ആര്‍ഭാടപൂര്‍വമാണ്. ചമയതാലപ്പൊലിയില്‍ പങ്കെടുക്കുന്നവർക്ക് മംഗല്യസൗഭാഗ്യവും കുടുംബസൗഭാഗ്യവും കിട്ടുമെന്നാണ് വിശ്വാസം.

പണ്ട് ബ്രിട്ടീഷ് ഭരണകാലത്തു കേണൽ മണ്‍റോ തൃപ്പൂത്താറാട്ടിനുള്ള ഫണ്ട് വെട്ടിക്കുറച്ചിരുന്നത്രെ. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് രോഗപീഡ വന്നപ്പോള്‍ പ്രശ്‌നചിന്തയില്‍ ദേവീകോപമാണെന്ന് തെളിഞ്ഞു. ദേവിക്ക് പനംതണ്ടന്‍വളകള്‍ പ്രായശ്ചിത്തമായി നടയ്ക്കുവെക്കുകയും എല്ലാ മലയാള വര്‍ഷാദ്യത്തെ തൃപ്പൂത്താറാട്ടിന്‍റെ ചെലവിനുള്ളത് അദ്ദേഹം നിക്ഷേപിക്കുകയും ചെയ്തു .ഇതോടെയാണ് തൃപ്പൂത്താറാട്ട് ലോകപ്രസിദ്ധമായത് .

തൃപ്പൂത്ത് തുടങ്ങി പന്ത്രണ്ട് ദിവസം ദേവിയുടെ ഇഷ്ടവഴിപാടായ ഹരിദ്ര പുഷ്പാഞ്ജലിയ്ക്കും വന്‍തിരക്കാണ്.

Related Articles

Latest Articles