Monday, May 27, 2024
spot_img

കഴിഞ്ഞ ഒമ്പത് മാസത്തിനിടെ പിണറായി സർക്കാർ ലൈസന്‍സ് നൽകിയത് മുപ്പത്തിരണ്ട് പുതിയ ബാറുകൾക്ക്

തിരുവനന്തപുരം: കഴിഞ്ഞ ഒമ്പത് മാസത്തിനിടെ പിണറായി സർക്കാർ ലൈസന്‍സ് നൽകിയത് മുപ്പത്തിരണ്ട് പുതിയ ബാറുകൾക്കെന്ന് റിപ്പോർട്ട്. ഈ വര്‍ഷത്തെ എല്ലാ അപേക്ഷകളും (31) കഴിഞ്ഞവര്‍ഷത്തെ ഒരു അപേക്ഷയുമാണ് സര്‍ക്കാര്‍ അനുവദിച്ചത്. മുന്‍പ് ബാറായി പ്രവര്‍ത്തിച്ചിരുന്ന ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ക്കു വീണ്ടും ബാര്‍ അനുവദിച്ചതിന്റെ ക്രോഡീകരിച്ച കണക്ക് എക്‌സൈസ് കമ്മിഷണറേറ്റില്‍ ലഭ്യമല്ല. അതു കൂടി ചേര്‍ത്താല്‍ ഈ വര്‍ഷം പ്രവര്‍ത്തിച്ചു തുടങ്ങിയ ബാറുകളുടെ എണ്ണം എഴുപതോളം വരും.

ഈ വര്‍ഷം ഇതുവരെ എട്ട് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ പുതുതായി അനുവദിച്ചെന്നും വിവരാവകാശ നിയമപ്രകാരം എക്‌സൈസ് വകുപ്പു നല്‍കിയ മറുപടിയില്‍ പറയുന്നു. ബ്രൂവറി വിവാദത്തിനുശേഷം പുതിയ ബ്രൂവറി അപേക്ഷയൊന്നും ലഭിച്ചിട്ടില്ല. പുതിയ ബാറുകള്‍ ഏറെയും എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്.

ത്രീസ്റ്റാറോ അതിനു മുകളിലോ പദവിയുള്ള ഹോട്ടലുകള്‍ക്കു ബാര്‍ അനുവദിക്കാമെന്നാണു നയമെങ്കിലും, മദ്യത്തിന്റെ ലഭ്യത ഘട്ടം ഘട്ടമായി കുറയക്കുമെന്നാണു സര്‍ക്കാരിന്റെ പ്രഖ്യാപനം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു പൂട്ടിയതോ ബിയര്‍ ലൈസന്‍സിലേക്ക് ഒതുങ്ങിയതോ ആയ ഹോട്ടലുകള്‍ക്കു ബാര്‍ അനുവദിക്കുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.ഇവയില്‍ നല്ലൊരു പങ്കിനും ലൈസന്‍സ് നല്‍കിക്കഴിഞ്ഞിരിക്കെയാണ്, പുതുതായി മുപ്പത്തിരണ്ട് ബാറുകള്‍ കൂടി തുറക്കുന്നത്.

Related Articles

Latest Articles