Wednesday, May 15, 2024
spot_img

വാളയാര്‍ പീഡനക്കേസ്; പ്രതികളെ വെറുത വിട്ടതിനെതിരെ അപ്പീല്‍ നല്‍കാന്‍ പൊലീസ്

വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ പൊലീസ് അപ്പീല്‍ നല്‍കും. ഇത് സംബന്ധിച്ച് നിയമോപദേശം കിട്ടിയതായി തൃശ്ശൂര്‍ റേഞ്ച് ഡിഐജി എസ്.സുരേന്ദ്രന്‍ അറിയിച്ചു. തെളിവുകളുടെ അഭാവത്തില്‍ കേസിലെ മൂന്ന് പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്സോ കോടതിയുടെ വിധിക്കെതിരെയാണ് പൊലീസ് അപ്പീല്‍ നല്‍കുക.

വിധിപ്പകര്‍പ്പ് കിട്ടിയാലുടന്‍ ഇത് പരിശോധിച്ച് പൊലീസും നിയമവകുപ്പും ചേര്‍ന്ന് അപ്പീല്‍ തയ്യാറാക്കും. അന്വേഷണത്തില്‍ പാളിച്ചയുണ്ടായിട്ടില്ല എന്നാണ് റേഞ്ച് ഡിഐജി പറയുന്നത്. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് പൊലീസ് അപ്പീല്‍ നല്‍കുന്നതെന്നും ഡിഐജി പറയുന്നു.

വാളയാര്‍ കേസില്‍ മൂന്ന് പ്രതികളേയും വെറുതെ വിട്ട കോടതി നടപടി വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടത്. നേരത്തെ മൂന്നാം പ്രതിയെ കോടതി വെറുതെ വിട്ടിരുന്നു.

വാളയാറില്‍ 2017 ജനുവരിയിലും മാര്‍ച്ചിലുമായാണ് പതിമൂന്നും ഒന്‍പതും വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. രണ്ട് പെണ്‍കുട്ടികളും ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

അഞ്ചുപ്രതികളുണ്ടായിരുന്ന കേസില്‍ പോക്‌സോ, ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകള്‍ ചുമത്തിയിരുന്നെങ്കിലും തെളിവ് ശേഖരണത്തില്‍ പാളിച്ചയുണ്ടായെന്നാണ് വിവരം.

Related Articles

Latest Articles