തിരുവനന്തപുരം: ജില്ലയില്‍ കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് തീരദേശമേഖലയില്‍ നിന്ന് 19 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കടല്‍ക്ഷോഭം രൂക്ഷമായ വലിയതുറ, ശംഖുംമുഖം എന്നിവിടങ്ങള്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചു. ശ്രീലങ്കന്‍ തീരത്ത് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ദുരന്ത നിവാരണ അതോറിറ്റി അടിയന്തരമായി ചെയ്യേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കലക്ടര്‍മാര്‍ക്കും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കടല്‍ക്ഷോഭം ശക്തമായ വലിയതുറ മേഖലയില്‍ ഒമ്പത് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ഈ മേഖലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വലിയതുറ ബഡ്‌സ് യുപി സ്‌കൂള്‍, വലിയതുറ ഗവ. യുപി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നത്. ബഡ്‌സ് യുപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എട്ട് കുടുംബങ്ങളിലെ 34 പേരും വലിയതുറ യുപിഎസില്‍ 11 കുടുംബങ്ങളില്‍നിന്നുള്ള 35 പേരുമാണുള്ളത്. ഇവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ക്യാമ്പുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കലക്ടര്‍ കെ വാസുകി പറഞ്ഞു.
തെക്കുകിഴക്കന്‍ ശ്രീലങ്കയോടുചേര്‍ന്നുള്ള സമുദ്രഭാഗത്ത് വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളതീരത്ത് കടല്‍ പ്രക്ഷുബ‌്ധമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകള്‍ പൊതുജനങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.

