Monday, September 21, 2026

കെവിന്‍ വധക്കേസ്: എസ്ഐയെ തിരിച്ചെടുത്ത ഉത്തരവ് മരവിപ്പിച്ചു

തിരുവനന്തപുരം: കെവിന്‍ കേസില്‍ ആരോപണ വിധേയനായ എസ്.ഐ ഷിബുവിനെ തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവ് മരവിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. എസ്.ഐ ആയിരുന്ന എം.എസ് ഷിബുവിനെ തിരിച്ചെടുത്തതിനെതിരെ കെവിന്റെ പിതാവ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ഗാന്ധി നഗര്‍ എസ്ഐ എംഎസ് ഷിബുവിനെ തിരിച്ചെടുത്തുകൊണ്ട് കൊച്ചി റേഞ്ച് ഐജി. വിജയ് സാഖ്‌റെയുടെ ഉത്തരവിറങ്ങിയത്. ഷിബു നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ്‌ തിരിച്ചെടുത്തതെന്നായിരുന്നു വിശദീകരണം. തിരിച്ചെടുത്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

കെവിന്‍ കൊല്ലപ്പെടുമ്പോള്‍ ഗാന്ധിനഗര്‍ എസ്‌ഐ ആയിരുന്ന ഷിബുവിനെതിരെ കൃത്യ സമത്ത് നടപടി എടുത്തില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോയ ഉടന്‍തന്നെ കെവിന്റെ കുടുംബാംഗങ്ങള്‍ ഗാന്ധി നഗര്‍ സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതല ഉണ്ട് എന്ന കാരണം പറഞ്ഞ് നടപടികള്‍ ഷിബു വൈകിപ്പിക്കുകയായിരുന്നു. കെവിന്‍ മരണപ്പെടുകയും സംഭവം വിവാദമാകുകയും ചെയ്തതിനെ തുടര്‍ന്നാണ് ഷിബുവിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

നേരത്തെ കേസില്‍ നീനുവിന്റെ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയ എ.എസ്.ഐ ബിജു ഉള്‍പ്പടെയുള്ളവരെ പിരിച്ചുവിടുകയും ചില പോലീസുകാരുടെ ആനുകല്യം തടഞ്ഞുവെക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles