Sunday, September 27, 2026

കേരള രാഷ്ട്രീയത്തിലെ സ്നേഹസാഗരം, കണ്ണൂരിന്റെ മണ്ണിൽ നിന്നും കേരളമൊട്ടുക്കും ആഞ്ഞുവീശിയ ആദർശക്കൊടുങ്കാറ്റ്; ഹിന്ദുത്വ രാഷ്ട്രീയത്തിന് കേരളത്തിൽ ശക്തമായ അടിത്തറപാകിയ മാരാർജിയുടെ ജ്വലിക്കുന്ന ഓർമ്മകളിൽ മറ്റൊരു സ്‌മൃതിദിനം

മുന്നണി രാഷ്ട്രീയത്തിന്റെ പോരാട്ട വേദിയായിരുന്ന കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ വേറിട്ട അടയാളം ചാർത്തിയ നേതാവാണ് മാരാർജി. കെ ജി മാരാർ രാഷ്ട്രീയത്തിലെ സ്നേഹ സാഗരം എന്ന് വിശേപ്പിക്കപ്പെടുന്ന നേതാവാണ്. മാർക്സിസ്റ്റ് പാർട്ടിയുടെ ശക്തിദുർഗ്ഗമായിരുന്ന കണ്ണൂരിൽ സംഘ ആദർശങ്ങളുടെ വിത്ത് പാകി മുളപ്പിച്ച് വൃക്ഷമാക്കിമാറ്റിയ മാരാർക്ക് കണ്ണൂരിലെ മാത്രമല്ല ഇങ്ങ് പാറശാലയിലെ ബൂത്തുകളിലെ പ്രവർത്തകരെ പോലും പേര് വിളിച്ച് തന്നോട് ചേർത്ത് നിർത്താൻ കഴിയുമായിരുന്നു. മഞ്ചേശ്വരത്ത് ഇന്നും പാർട്ടി നേടുന്ന മുൻ‌തൂക്കം മാരാർജി സൃഷ്ടിച്ചെടുത്തതാണ്. പറശ്ശിനിക്കടവ് സ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്ന മാരാർജി ജോലി ഉപേക്ഷിച്ച് പ്രചാരകനായും പിന്നീട് രാഷ്ട്രീയത്തിലേക്കും കടന്നുവന്ന സമർപ്പിത വ്യക്തിത്വമായിരുന്നു. 1975 ജൂൺ 25-നും 1977 മാർച്ച് 21-നുമിടയിലുള്ള അടിയന്തിരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെടുകയും 18 മാസം ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. ജയിൽ മോചിതനായശേഷം ഇദ്ദേഹം ജനതാ പാർട്ടിയുടെ നേതാവാകുകയും കണ്ണൂർ ജില്ലാ പ്രസിഡന്റ് സ്ഥാനത്തെത്തുകയും ചെയ്തു. 1980-ൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറിയായി. സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ബിജെപി അത്ര വലിയ ശക്തിയല്ലാതിരുന്ന 1991 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് തുച്ഛമായ വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. കെ ജി മാരാർ എന്ന സർഗധനനായ രാഷ്ട്രീയക്കാരന്റെ ജനപിന്തുണ അത്രയ്ക്ക് വലുതായിരുന്നു .

പ്രസംഗകലയ്ക്ക് മഹത്വമേറ്റിയ ” മാരാർ ശൈലി ” കക്ഷിഭേദമന്യേ ഇഷ്ടപ്പെടുന്നതായിരുന്നു. എത്രയെത്ര യുവാക്കളെ പ്രസ്ഥാനത്തിൽ അദ്ദേഹം വളർത്തിയെടുത്തു. പ്രവർത്തകരോടുള്ള സ്നേഹം നിറഞ്ഞ പെരുമാറ്റം, വിനയം ,നിഷ്കളങ്കത ,ആദർശത്തോടുള്ള പ്രതിബദ്ധത, വിപുലമായ സൗഹൃദം ഇതൊക്കെയായിരുന്നു മാരാർജി. യഥാർത്ഥ സ്വയം സേവകൻ ,ഭാവി തലമുറ പാഠമാക്കേണ്ട വ്യക്തിത്വം.

എം എൽ എ യോ മന്ത്രിയോ ഒന്നുമായില്ലെങ്കിലും ജനലക്ഷങ്ങളുടെ ഹൃദയത്തിൽ അദ്ദേഹത്തിന് ഇടമുണ്ടായിരുന്നു. രാജനൈതിക രംഗത്ത് ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കേണ്ട വ്യക്തിയാണ് മാരാരെന്ന് എതിരാളികൾ പോലും സമ്മതിച്ചിട്ടുണ്ട്. എന്നാൽ അതിനു വേണ്ടി താൻ കടന്നു വന്ന വീഥികളിൽ വ്യതിചലനം ഉണ്ടാക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. 1995 ഏപ്രിൽ 25 ന് അന്തരിക്കുമ്പോൾ കെ ജി മാരാരെന്ന ആദർശ ധീരന്റെ പേരിൽ ഒരു തുണ്ട് ഭൂമിയോ , തുച്ഛമായ ബാങ്ക് ബാലൻസോ പോലുമുണ്ടായിരുന്നില്ല. രാഷ്ട്രീയം ജനസേവനം മാത്രമാണെന്ന് തിരിച്ചറിഞ്ഞ ത്യാഗധനനായ അവധൂതന്റെ ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത് .

Related Articles

Latest Articles