Thursday, May 16, 2024
spot_img

ബോക്‌സ് ഓഫീസില്‍ ചരിത്രം തീര്‍ത്ത് കെജിഎഫ് 2; ചിത്രം 1000 കോടി ക്ലബ്ബിലേക്ക്

ബോക്‌സ് ഓഫീസില്‍ തരംഗം തീര്‍ത്ത് യാഷ് നായകനായ കെജിഎഫ് 2. ഇന്ത്യന്‍ സിനിമയിലെ റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് കെജിഎഫ്2 മുന്നോട്ട് പോകുന്നത്. പതിനാലാം തീയതി മുതൽ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ മറ്റൊരു ചരിത്രം കുറിക്കുക ആയിരുന്നു യാഷ്. കുട്ടികളും കുടുംബങ്ങളും കോവിഡിന്റെ പേടിയൊക്കെ മറന്ന് തീയേറ്ററുകളിലേക്ക് ഇരച്ചുകയറുന്ന കാഴ്ചയാണ് കാണുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇപ്പോഴും ലഭിക്കുന്നത്.

ഇത്രമേല്‍ ആഘോഷമാക്കിയ മറ്റൊരു പടം കൊവിഡ് കാലത്തിന് ശേഷം ഉണ്ടായിട്ടുണ്ടോ എന്നത് സംശയം തന്നെയാണ്. തീയേറ്ററുകളില്‍ ഇപ്പോഴും ഹൗസ്‌ഫുള്‍ ഷോകള്‍ കൊണ്ട് നിറയുകയാണ് ചിത്രം. ചിത്രത്തിലെ ഡയലോ​ഗുകളും പാട്ടും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.വരും ദിവസങ്ങളില്‍ തന്നെ ചിത്രം 1000 കോടി ക്ലബ്ബില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 11 ദിവസത്തിനുള്ളില്‍ 880 കോടി രൂപയാണ് ചിത്രം ആഗോള കളക്ഷനായി നേടിയത്. ഏപ്രില്‍ 14-നാണ് ചിത്രം റിലീസ് ചെയ്തത്.

അതേസമയം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ രജനീകാന്തിന്റെ 2.0യെ കെജിഎഫ് 2 മറികടന്നു. ദംഗലാണ് ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ബാഹുബലി 2, ആര്‍ആര്‍ആര്‍, ബജ്രംഗി ബായിജാന്‍, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍, പികെ തുടങ്ങിയ സിനിമകളാണ് യഥാക്രമം രണ്ട് മുതല്‍ ആറ് വരെ സ്ഥാനങ്ങളില്‍ കെജിഎഫിന് മുന്നിലായിട്ട് ഉള്ളത്. റിലീസ് ദിവസം തന്നെ 134.5 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം കളക്ഷനായി നേടിയത്.

കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം കൂടിയായിരുന്നു കെജിഎഫ്. കേരളത്തിലടക്കം നിരവധി ആരാധകരെ സ്വന്തമാക്കാന്‍ യാഷിന് ഇതിനോടകം സാധിച്ചു. അതേസമയം, വൻ സിനിമകളെയും പിന്നിലാക്കിയാണ് കെജിഎഫ് മുന്നേറുന്നത്. രാജമൗലി കാത്തുസൂക്ഷിച്ചിരുന്ന റെക്കോര്‍ഡ് കെജിഎഫ് 2ലൂടെ പ്രശാന്ത് നീല്‍ കൊണ്ടുപോയിരിക്കുകയാണ്‌. രാജമൗലിയുടെ ചിത്രങ്ങളായ ബാഹുബലി 6 ദിവസം കൊണ്ട് 650 കോടിയും ആര്‍ആര്‍ആര്‍ 6 ദിവസം കൊണ്ട് 658 കോടിയുമാണ് നേടിയത്. എന്നാൽ ആ റെക്കോര്‍ഡാണ് ഇപ്പോള്‍ കെജിഎഫ് 2 തിരുത്തിക്കുറിച്ചിരിക്കുന്നത്.

Related Articles

Latest Articles