ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ മൂന്നാം തവണയും അധികാരത്തിലേറിയ മോദി സർക്കാരിനെ അഭിനന്ദിച്ച് കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്എൻഎ) എക്സിക്യൂട്ടീവ് കമ്മിറ്റി. ഭാരതത്തിൻ്റെ വികസനകുതിപ്പിനെ ലോകത്തിൻ്റെ നെറുകയിൽ എത്തിക്കാൻ ഏറ്റവും സജ്ജമായ മന്ത്രിസഭയാണ് മോദി 3.0 എന്ന് കെഎച്എൻഎ എക്സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. കഴിഞ്ഞ 20 വർഷമായി അമേരിക്കൻ ഐക്യനാടുകളിൽ പ്രവർത്തിക്കുന്ന ഏറ്റവും ശക്തമായ ഇന്ത്യൻ സാംസ്‌കാരിക സംഘടനകളിൽ ഒന്നാണ് കെഎച്എൻഎ.
കഴിഞ്ഞ രണ്ടു മന്ത്രിസഭകൾക്കും ശരിയായ ദിശാബോധം ഉള്ള ഒരു പുതിയ ഭാരതത്തെ കെട്ടിപെടുക്കാൻ സാധിച്ചു എന്നത് ഏതൊരു പ്രവാസി ഭാരതീയനും അഭിമാനമുണർത്തുന്ന കാര്യമാണ്. അതിൻ്റെ പിന്തുടർച്ചയാകും ഈ മൂന്നാം നരേന്ദ്രമോദി മന്ത്രിസഭ എന്നതിൽ യാതൊരു സംശയവുമില്ല എന്നും കെഎച്എൻഎ ഡയറക്ടർ ബോർഡ് അംഗങ്ങൾ പറഞ്ഞു.
”പുതിയ കേന്ദ്ര സർക്കാർ രൂപീകരണത്തെ ഏറെ പ്രതീക്ഷകളോടെ ആണ് കേരളവും കേരള പ്രവാസി സമൂഹവും നോക്കികാണുന്നത്. ഏതൊരു പ്രവാസിയും ആഗ്രഹിക്കുന്ന പോലെ സ്വന്തം നാടിൻ്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി പരിശ്രമിക്കാൻ പ്രതിജ്ഞാബദ്ധവും സദാ സന്നദ്ധവുമാണ് കെഎച്എൻഎ എന്ന് കെഎച്എൻഎ ഡയറക്ടർ ബോർഡിന് വേണ്ടി പ്രസിഡൻ്റ് ഡോ. നിഷ പിള്ള അറിയിച്ചു. “KHNA ഫോർ കേരള” എന്നതു കേരളത്തിലെ നിർധനരായ സഹോദരങ്ങൾക്ക് കൈതാങ്ങാകുന്ന പദ്ധതിയാണ്. ഏകദേശം ഒരു കോടി രൂപയാണ് ഈ പദ്ധതിക്കായി വകയിരുത്തിയിരുക്കുന്നത്. പദ്ധതി നടത്തിപ്പിനായ തയ്യാറെടുപ്പുകൾ നടന്നുവരുന്നു” എന്ന് ഡോ. നിഷ പിള്ള പറഞ്ഞു.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച 20 എംപിമാർക്കും അതോടൊപ്പം കേന്ദ്ര മന്ത്രിസഭയിലെ കേരളത്തിൻ്റെ സംഭവനകളായ സുരേഷ് ഗോപി,ജോർജ് കുര്യൻ എന്നിവരെയും കെഎച്എൻഎ ഡയറക്ടർ ബോർഡ് അനുമോദിച്ചു. 2009 കാലഘട്ടം മുതൽ തന്നെ കെഎച്എൻഎയുമായി വളരെ അടുത്ത ഹൃദയബന്ധം സൂക്ഷിക്കുന്ന ഒരു വ്യക്തിയാണ് സുരേഷ് ഗോപി എന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. കെഎച്എൻഎ 2010ൽ വാഷിങ്ടൺ ഡിസി യിലെ മുരുക ക്ഷേത്രത്തിൽ വച്ച് വിദ്യാർത്ഥികൾക്കായി എം ജി മേനോൻ്റെ നേതൃത്വത്തിൽ നടത്തിയ ഏറ്റവും മികച്ച പരിപാടി ആയിരുന്ന “വിദ്യാരംഭം” പരിപാടിയിലും ,2017 ഇല് ഡിട്രോയിറ്റിൽ വച്ച് നടന്ന കെഎച്എൻഎ ത്രിദിന കൺവൻഷനിൽ ഒരു ചലച്ചിത്ര താരം , ഒരു രാജ്യസഭ എംപി എന്നീ നിലകളിൽ ഉള്ള സുരേഷ് ഗോപിയുടെ സാന്നിധ്യം ചടങ്ങിന് ഏറെ മാറ്റ് കൂട്ടി എന്ന് കെഎച്എൻഎ എക്സിക്യൂട്ടീവ് കമ്മിറ്റി പറഞ്ഞു.
2025ൽ ന്യൂയോർക്കിൽ വച്ച് നടക്കുന്ന “KHNA വിരാട് 2025“കൺവെൻഷനിൽ പ്രത്യേക ക്ഷണിതാക്കളായി കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, കേരളത്തിൽ നിന്നുള്ള മറ്റു എംപി മാർ, വിശിഷ്ട വ്യക്തികൾ എന്നിവരെ പങ്കെടുപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടന്നു വരുന്നതായും കമ്മിറ്റിക്ക് വേണ്ടി ഡോ. നിഷ പിള്ള അറിയിച്ചു.

