Sunday, May 19, 2024
spot_img

‘നഷ്ടമായത് തന്റെ സഹോദരനെ’; രഞ്ജിത്ത് വധക്കേസിൽ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തുന്നത് വരെ പോരാടുമെന്നും നടി ഖുശ്ബു

ആലപ്പുഴ:പോപ്പുലർ ഫ്രണ്ട് ഭീകരർ കൊലപ്പെടുത്തിയ ബിജെപി നേതാവും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയും കൂടിയായിരുന്ന അഡ്വ.രഞ്ജിത്ത് ശ്രീനിവാസന്റെ വീട് സന്ദർശിച്ച് ബിജെപി ദേശീയ നിർവ്വാഹ സമിതി അംഗവും സിനിമാ താരവുമായ ഖുശ്ബു സുന്ദർ.

രഞ്ജിത്തിനെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് ഖുശ്‌ബു പറഞ്ഞു. കൊലപാതകത്തിൽ ഇതുവരെ പ്രതികരിക്കാത്ത മുഖ്യമന്ത്രിയെയും ഖുശ്ബു രൂക്ഷമായി വിമർശിച്ചു. കേസിലെ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തുന്നത് വരെ പോരാടുമെന്നും നഷ്ടമായത് തന്റെ സഹോദരനെയാണെന്നും ഖുശ്ബു പറഞ്ഞു.

കൊല്ലപ്പെട്ട രഞ്ജിത്തിന്റെ പേരിൽ ഒരു സ്റ്റേഷനിലും ഒരു കേസോ പരാതിയോ ഇല്ല. കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമാണ്. കേസിലെ എല്ലാ പ്രതികളെയും ഉടൻ പിടികൂടണമെന്നും ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് കേരളാ മുഖ്യമന്ത്രി ഉറപ്പ് നൽകണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു.

‘പോലീസ് സ്റ്റേഷൻ ഉൾപ്പെടെ രഞ്ജിത്തിന്റെ വീടിന് സമീപത്താണ് ഉള്ളത്. കൊലപാതകം നടന്നപ്പോൾ തന്നെ എല്ലാ എക്‌സിറ്റ് പോയിന്റുകളും അടച്ച് പോലീസിന് അന്വേഷണം നടത്താൻ അവസരം ലഭിച്ചിരുന്നു. എന്നാൽ എല്ലാ അതിർത്തികളും തുറന്നുകൊടുത്തുകൊണ്ട് പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുകയാണ് പോലീസ് ചെയ്തത്. കേരളത്തിലെ അഭിഭാഷകരുടേയും പോലീസ് ഉദ്യോഗസ്ഥരുടേയും അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരായ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കും. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കൊലപാതകങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. രണ്ടാമത്തെ തവണയും പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലേറിയിരിക്കുകയാണ്. സംസ്ഥാനത്ത് ഇത്തരം അക്രമങ്ങൾ നടക്കുമ്പോൾ താങ്കൾ അവിടെ എന്താണ് ചെയ്യുന്നത്? ഈ കൊലപാതകങ്ങൾക്കെല്ലാം പിന്നിൽ പ്രവർത്തിക്കുന്നത് ആരാണെന്ന് പിണറായി വിജയന് അറിയാം. എന്നിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. രാഷ്‌ട്രീയം ഉണ്ടാകാം എന്നാൽ അതിന് പിന്നിൽ ജാതിയും മതവുമുണ്ടാകാൻ പാടില്ല. രാഷ്‌ട്രീയ പാർട്ടികൾ തമ്മിൽ നടക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും ജനങ്ങൾക്കും പാർട്ടികൾക്കും നാടിനും നല്ലതല്ല. ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കാതിരിക്കുന്നത് മുഖ്യമന്ത്രിയുടെ സ്ഥാനത്തിന് ചേർന്നതല്ല. ഇത്തരം സംഭവങ്ങൾ കേരളത്തിൽ ഇനി നടക്കില്ലെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പുനൽകാൻ സാധിക്കുമോ?’- ഖുശ്‌ബു പ്രതികരിച്ചു.

Related Articles

Latest Articles