Thursday, December 18, 2025

കീവിൽ സൈന്യം പൊതുജനങ്ങൾക്ക് ആയുധം വിതരണം ചെയ്ത് തുടങ്ങി

കീവ്: യുക്രൈൻ തലസ്ഥാനമായ കീവിൽ പൊതുജനങ്ങൾക്ക് സൈന്യം ആയുധം വിതരണം ചെയ്ത് തുടങ്ങിയതായി റിപ്പോർട്ട്. മറ്റ് നാറ്റോ രാജ്യങ്ങളിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും സൈനികസഹായം കിട്ടില്ല എന്നുറപ്പായതോടെ ഒറ്റയ്ക്ക് പോരാടാനാണ് സൈന്യത്തിന്‍റെയും പ്രസിഡന്‍റ് വ്ലാഡിമിർ സെലൻസ്കിയുടെയും തീരുമാനം.

യുദ്ധത്തിന് മുമ്പ് തന്നെ എങ്ങനെ ആയുധങ്ങൾ ഉപയോഗിക്കണമെന്ന കാര്യത്തിൽ യുക്രൈൻ പൗരൻമാർക്ക് സൈന്യം പരിശീലനം നൽകിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ശക്തിയായ റഷ്യയോട് ഏറ്റുമുട്ടാൻ യുക്രൈനെന്ന കുഞ്ഞുരാജ്യത്തിനാവില്ല. അതിനാൽത്തന്നെ റഷ്യൻ സൈന്യത്തിനെതിരെ പൊതുജനങ്ങളെ അണിനിരത്താനാണ് യുക്രൈന്റെ തീരുമാനം.

സ്വന്തം നഗരങ്ങളും വീടുകളും സംരക്ഷിക്കൂ എന്നാണ് ജനങ്ങളോട് യുക്രൈനിയൻ പ്രസിഡന്‍റ് ആഹ്വാനം ചെയ്യുന്നത്. യുക്രൈനിയൻ പൗരൻമാരിൽ ആര് ആയുധങ്ങൾ ചോദിച്ചാലും നൽകുമെന്ന് ഇന്നലെ വ്ലാഡിമിർ സെലെൻസ്കി പ്രഖ്യാപിച്ചിരുന്നു. നാസി ജർമനിയെപ്പോലെയാണ് റഷ്യ ആക്രമിച്ചതെന്ന് യുക്രൈനിയൻ പ്രസിഡന്‍റ് വ്ലാദിമിർ സെലെൻസ്കി ആഞ്ഞടിച്ചു.

ഒരിക്കലും സ്വാതന്ത്ര്യം റഷ്യക്ക് മുന്നിൽ അടിയറ വയ്ക്കില്ല, എല്ലാ പൗരൻമാരോടും സമാധാനത്തോടെ, സുരക്ഷിതസ്ഥാനങ്ങളിൽ തുടരണം. സെലെൻസ്കി ജനങ്ങളോട് ആവശ്യപ്പെട്ടു. പുടിന്‍റെ യുദ്ധക്കൊതി അവസാനിപ്പിക്കാൻ റഷ്യക്കാർ ഒന്നടങ്കം ശബ്ദമുയർത്തണമെന്നും സെലൻസ്കി ആവശ്യപ്പെടുന്നു.

Related Articles

Latest Articles