കൊച്ചി: കിഴക്കമ്പലത്തുണ്ടായ അക്രമ (Kizhakkambalam attack) സംഭവത്തില്‍ അറസ്റ്റിലായ 174 പേരില്‍ കോടതി ജാമ്യം അനുവദിച്ച 123 തൊഴിലാളികളെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ കിറ്റക്‌സ് കമ്പനി തീരുമാനിച്ചു. ജാമ്യം ലഭിച്ച തൊഴിലാളികളുടേയും കുടുംബങ്ങളുടെയും ദയനീയ സാഹചര്യം നേരിട്ട് ബോധ്യമായ സാഹചര്യത്തിലാണ് ഇവരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് കിറ്റക്‌സ് മാനേജിംഗ് ഡയറക്ടര്‍ സാബു ജേക്കബ് പറഞ്ഞു.
തിരികെ ജോലിയില്‍ പ്രവേശിക്കുന്ന തൊഴിലാളികള്‍ക്ക് ഓരോരുത്തര്‍ക്കും 2000 രൂപയും അവരുടെ കുടുബങ്ങള്‍ക്ക് 10000 രൂപ വീതവും അടിയന്തിര ധനസഹായമായും നല്‍കും. ഇവയൊന്നും തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്നും തിരിച്ചു പിടിക്കില്ലെന്നും, കൂടാതെ താല്‍പര്യമുള്ളവര്‍ക്ക് സൗജന്യ താമസസൗകര്യവും ഭക്ഷണവും കമ്പനിയൊരുക്കും. തൊഴിലാളികളോടുള്ള കമ്പനിയുടെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് ഈ തീരുമാനങ്ങളെന്നും സാബു ജേക്കബ് വ്യക്തമാക്കി.
കഴിഞ്ഞയാഴ്‌ച്ചയാണ് പൊലീസ് ഇതുമായി ബന്ധപ്പെട്ട കേസുകളിൽ അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. ഇതിൽ 123 പേർക്കെതിരെ ഗുരുതരമല്ലാത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ക്രിസ്മസ് രാത്രിയിലാണ് കിറ്റക്സ് കമ്പനിയിലെ ഇതര സംസ്ഥാനക്കാരായ ജീവനക്കാര്‍ പോലീസിനെ ആക്രമിക്കുകയും പോലീസ് വാഹനം തീവെച്ച് നശിപ്പിക്കുകയും ചെയ്തത്. ഇവര്‍ താമസിച്ചിരുന്ന ക്യാമ്പില്‍ സംഘര്‍ഷമുണ്ടാവുകയും വിവരമറിഞ്ഞെത്തിയ പോലീസിനുനേരെ അക്രമം അഴിച്ചു വിടുകയുമായിരുന്നു.

