തിരുവനന്തപുരം: ഓണ്‍ലൈനിൽ ചികിത്സാ സഹായം അഭ്യർത്ഥിച്ച് തട്ടിപ്പ് നടത്തുന്നവർക്കെതിരെ സർക്കാർ നടപടി വരുന്നു. ഇത്തരം സംഘങ്ങൾ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നഭ്യര്‍ത്ഥിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ മുഖ്യമന്ത്രിക്ക് കത്ത് നല്കി. സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന സഹായം അഭ്യർത്ഥിച്ച് നടത്തുന്ന തട്ടിപ്പുകളെ തുറന്ന് കാട്ടേണ്ടതുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കാൻ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഗുരുതര രോഗം ബാധിച്ചവർക്കും ഭാരിച്ച ചികിത്സാ ചെലവുകള്‍ വേണ്ടവർക്കും സഹായമെത്തിക്കാൻ സര്‍ക്കാര്‍ തലത്തിൽ വി കെയര്‍ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. സര്‍ക്കാർ സഹായത്തിനുപുറമേ പൊതുജനങ്ങന പങ്കാളിത്തത്തോടെയാണ് വി കെയര്‍ പ്രവര്‍ത്തിക്കുന്നത്. പാവപ്പെട്ട ആളുകളെ സഹായിക്കാന്‍ സന്മസുള്ളവര്‍ ധാരാളമുണ്ട്. അവര്‍ സംഭാവന നല്കുന്ന തുക അര്‍ഹിക്കുന്ന ആളുകളില്‍ എത്തിക്കാന്‍ വി കെയര്‍ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സാമൂഹ്യ സുരക്ഷാമിഷനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. പദ്ധതിയിലേക്ക് ലഭിക്കുന്ന സംഭാവനകള്‍ പൂര്‍ണമായും സുതാര്യമാണ്. ഈ പദ്ധയിലേക്ക് ചികിത്സാ സഹായത്തിനായി വരുന്ന അപേക്ഷകള്‍ സൂക്ഷ്മ പരിശോധന നടത്തി രോഗികളുടെ രോഗാവസ്ഥയെക്കുറിച്ച് മെഡിക്കല്‍ ബോര്‍ഡ് പരിശോധനയും കഴിഞ്ഞാണ് ചികിത്സാ സഹായം ലഭ്യമാക്കുന്നത്.
വിദേശത്ത് നിന്നുള്ളവര്‍ക്ക് ഉള്‍പ്പെടെ വി കെയറിലേക്ക് സംഭാവന നല്കാന് എഫ് സി ആര് എ രജിസ്ട്രേഷനുള്ള ബാങ്ക് അക്കൗണ്ടാണ് നിലവിലുള്ളത്. സംഭാവനകള്‍ക്ക് നിയമാനുസൃതമായ നികുതിയിളവുണ്ട് . സാമൂഹ്യ സുരക്ഷാ മിഷന്റെ ഓണ്‍ലൈന്‍ പേയ്മെന്റ് ഗേറ്റ് വേ വഴിയും സംഭാവനകള്‍ നൽകാം.

