തിരുവനന്തപുരം: കേരള തീരത്ത് ശനിയാഴ്ച രാത്രി 3.9 മീറ്റര് വരെ ഉയര്ന്ന തിരമാല ഉണ്ടാകുമെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (ഐഎന്സിഒഐഎസ്). ശനിയാഴ്ച രാത്രി 11.30 വരെ കാസര്ഗോഡ് മുതല് വിഴിഞ്ഞം വരെയുള്ള കേരള തീരത്ത് 3 മുതല് 3.9 മീറ്റര് വരെ ഉയരത്തില് തിരമാലകള് ഉണ്ടാകാന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കേരള തീരത്തോട് ചേര്ന്ന് കിടക്കുന്ന സമുദ്ര പ്രദേശത്തും ഉയര്ന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. വേലിയേറ്റ സമയമായ രാവിലെ ഏഴു മുതല് 10 വരെയും വൈകിട്ട് ഏഴു മുതല് എട്ട് വരെയും താഴ്ന്ന പ്രദേശങ്ങളില് ജലനിരപ്പുയരാനും കടല്ക്ഷോഭമുണ്ടാകാനും സാധ്യതയുണ്ട്. പടിഞ്ഞാറ് നിന്ന് മണിക്കൂറില് 35 മുതല് 50 കി.മീ വേഗതയില് കേരള തീരത്തേക്ക് കാറ്റ് വീശാന് സാധ്യതയുണ്ട്.
മല്സ്യത്തൊഴിലാളികള് കടലില് പോകരുത്. തീരപ്രദേശത്ത് താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.

