കൊച്ചി: കൊച്ചി മെട്രോ പാളത്തിലെ തൂണിന്റെ ചെരിവിന് കാരണമായ പ്രശ്‌നം കണ്ടെത്തി. മെട്രോയുടെ ചരിഞ്ഞ തൂണിന്റെ പൈലിങ് ഭൂമിക്കടിയിലെ പാറയില്‍ തൊടാത്തതാണ് ചെരിവിന് കാരണം എന്നാണ് കണ്ടെത്തൽ. പത്തടിപ്പാലത്തിലെ 347ാം നമ്പർ തൂണിനാണ് പരിശോധനയിൽ ചരിവ് കണ്ടെത്തിയത്. ഇതിന് കാരണം പൈലിങ്, പാറയില്‍ തട്ടാത്തതാണെന്ന് ജിയോ ടെക്‌നിക്കല്‍ പഠനത്തിലാണ് കണ്ടെത്തിയത്. പഠന വിവരം കെഎംആര്‍എല്‍ ഇപ്പോൾ പുറത്തുവിടില്ല.
തൂണ്‍ നില്‍ക്കുന്ന സ്ഥലത്തു നിന്നും 10 മീറ്റര്‍ താഴെയാണ് പാറ സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് പൈലിങ് എത്തിയിട്ടില്ല. പകരം പാറക്ക് ഒരു മീറ്റര്‍ മുകളിലായാണ് പൈലിങ് ഉള്ളത്. സാധാരണയായി, മണ്ണിനടിയില്‍ പാറ കാണുന്നത് വരെ പൈലടിച്ചാണ് മെട്രോ തൂണുകള്‍ നിര്‍മിക്കുക. പാറ കണ്ടെത്തിയാൽ പൈലിങ് പാറയില്‍ ഉറപ്പിക്കണം. എന്നാൽ പത്തടിപ്പാലത്ത് ഈ മാര്‍ഗനിര്‍ദേശങ്ങളൊന്നും തന്നെ പാലിക്കപ്പെടാത്തതാണ് ചരിവിന് കാരണമെന്നാണ് നിഗമനം.
തകരാറുകൾ പരിഹരിക്കാന്‍ മെട്രോ സുരക്ഷാ കമ്മീഷണറുടെ അനുമതി ലഭിക്കണം. ഒരുമാസം മുമ്പായിരുന്നു പാലത്തിന് ചരിവുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ഡിഎംആര്‍സിയുടെ മുഖ്യഉപദേശകൻ, ഇ ശ്രീധരന്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ പരിശോധന നടത്തിയിരുന്നു.

