Saturday, April 20, 2024
spot_img

ചര്‍ച്ചയ്ക്ക് താല്‍പര്യമില്ലെന്ന് സുകുമാരന്‍ നായര്‍; മുഖം രക്ഷിക്കാൻ എന്‍എസ്‌എസിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച്‌ കോടിയേരി ബാലകൃഷ്ണന്‍

ആലപ്പുഴ: ചര്‍ച്ചയ്ക്കുള്ള സിപിഎം ക്ഷണം നിരസിച്ച എന്‍എസ്‌എസിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സിപിഎമ്മിനില്ലെന്നും മാടമ്പിത്തരം മനസ്സില്‍വച്ചാല്‍ മതിയെന്നും കോടിയേരി പറഞ്ഞു. ജാതിയും മതവും പറഞ്ഞ് വോട്ട് പിടിക്കേണ്ട ഗതികേട് സിപിഎമ്മിനില്ല.

ശബരിമലയിലെ എന്‍.എസ്.എസ് നിലപാട് തിരഞ്ഞെടുപ്പില്‍ പ്രതികൂലമാവില്ലെന്നും എന്‍.എസ്.എസ് സമുദായത്തിലെ ഭൂരിഭാഗം ആളുകളും സിപിഎമ്മിന് ഒപ്പമാണെന്നുമായിരുന്നു കോടിയേരിയുടെ അവകാശവാദം. കഴിഞ്ഞ ദിവസം ശബരിമല വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കോടിയേരിയുടെ പ്രതികരണം.

വിധി അനുകൂലമായാലും പ്രതികൂലമായാലും എന്‍.എസ്.എസ് വിശ്വാസ വിഷയത്തില്‍ എടുത്ത നിലപാടില്‍ ഉറച്ചുതന്നെ നില്‍ക്കും. നിലപാട് തിരുത്തേണ്ടത് സര്‍ക്കാരാണെന്നു സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. എന്‍എസ്‌എസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും വേണ്ടി വന്നാല്‍ അങ്ങോട്ട് പോയി ചര്‍ച്ച നടത്തും എന്നുമായിരുന്നു കോടിയേരി പറഞ്ഞത്.

ഇതിനോടാണ് മുഖത്ത് അടിക്കും പോലെ താല്‍പര്യമില്ലെന്ന മറുപടി എന്‍എസ്‌എസ് നേതൃത്വം നല്‍കിയത്. വേണ്ടി വന്നാല്‍ എന്‍.എസ്.എസ് നേതൃത്വവുമായി അങ്ങോട്ട് പോയി ചര്‍ച്ച നടത്തുമെന്നും, സമുദായ സംഘടനകളോട് ശത്രുതയില്ലെന്നും കോടിയേരി നേരത്തെ പറഞ്ഞതിന് മറുപടിയായിരുന്നു സുകുമാരന്‍ നായരുടെ പ്രതികരണം.

Related Articles

Latest Articles