Monday, June 3, 2024
spot_img

പതിനാലുകാരനെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ ലക്ഷങ്ങളുടെ പണമിടപാടുകൾ: ഒരു ലക്ഷം രൂപ നൽകി കൊട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കുട്ടിയെ തട്ടിക്കൊണ്ടു പോയ സൈദലി പിടിയിൽ: പണമിടപാടുകൾക്ക് ഇടനിലക്കാരി കുട്ടിയുടെ അമ്മ: അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

കൊല്ലം: കൊട്ടിയത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഫിസിയോതെറാപ്പിസ്റ്റ് ആയ സൈദലിയാണ് പോലീസ് പിടിയിലായത്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് വേണ്ടി ക്വട്ടേഷൻ നൽകിയത് ഇയാളാണെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു.

അവയവ മാഫിയ ആണോ തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നായിരുന്നു കുട്ടിയെ കാണാതായതിന് പിന്നാലെ പോലീസിന്റെ ആദ്യ സംശയം. പിന്നീട് പോലിസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സാമ്പത്തിക പ്രശ്നങ്ങളാണ് കാരണമെന്ന് പുറത്തറിഞ്ഞത്.

പതിനാലുകാരന്റെ അമ്മ ഇടനിലക്കാരിയായി ബന്ധുവിൽ നിന്ന് 10 ലക്ഷം രൂപ അയൽവാസിക്ക് വാങ്ങി നൽകിയിരുന്നു. അയൽവാസി ഈ പണം മടക്കി നൽകിയില്ല. പണം തിരികെ കിട്ടാത്തതിന്റെ വൈരാഗ്യത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ബന്ധുവിന്റെ മകനായ സൈദലി ഒരു ലക്ഷം രൂപയ്‌ക്ക് കൊട്ടേഷൻ നൽകിയത്. ഇയാൾ മാർത്താണ്ഡത്ത് ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുകയാണ്.

തട്ടിക്കൊണ്ടു പോയ സംഘത്തിലെ അംഗമായ കന്യാകുമാരി കാട്ടാത്തുറ സ്വദേശി ബിജുവിനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു.കണ്ണനല്ലൂർ വാലിമുക്ക് കിഴവൂർ ഫാത്തിമാ മൻസിലിൽ ആസാദ്-ഷീജ ദമ്പതികളുടെ മകൻ ആഷികിനെയാണ് തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം തട്ടിക്കൊണ്ടു പോയത്.

Related Articles

Latest Articles