Sunday, May 19, 2024
spot_img

കൊല്ലം പൂരത്തിനും കർശന ആനപരിപാലന ചട്ടം! 25 ആനകൾക്ക് അനുമതി, മൂന്ന് മീറ്റർ അകലം കൃത്യമായി പാലിക്കണമെന്ന് മുന്നറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ്

കൊല്ലം: പൂരത്തിന്‍റെ ഭാഗമായ ആഘോഷ പരിപാടികളില്‍ ആനപരിപാലന ചട്ടം കര്‍ശനമായി പാലിക്കണമെന്ന് മുന്നറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ്. എഴുന്നള്ളത്ത് രാവിലെ 10ന് മുമ്പും ഉച്ചയ്ക്ക് മൂന്നിന് ശേഷവും നടത്താം. ചെറുപൂരങ്ങള്‍ക്കും ആനയൂട്ടിനും നീരാട്ടിനും തിരുമുമ്പില്‍ കുടമാറ്റത്തിനും ബാധകം. 25 ആനകളെ പങ്കെടുപ്പിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്.

ആനകളുടെ ഡാറ്റ ബുക്ക്, ഇന്‍ഷുറന്‍സ്, ആരോഗ്യ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഡ്യൂട്ടിയിലുള്ള വെറ്ററിനറി സര്‍ജാര്‍ പരിശോധിക്കും. ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് ആനപരിപാലകരുടെ പരിശോധനയും നടത്തും. മുന്‍കരുതലായി മയക്കുവെടി ആംബുലന്‍സ് സജ്ജമാക്കും. ആരോഗ്യസ്ഥിതി മോശമായ ആനകളെയും മദപ്പാട് തുടങ്ങിയ ആനകളെയും പൂരത്തില്‍ പങ്കെടുപ്പില്ല. ആനകള്‍ക്ക് ഫിറ്റ്‌നസ് നല്‍കുന്നതിന്റെ പൂര്‍ണ്ണ ചുമതല മൃഗസംരക്ഷണ വകുപ്പിന്റെ എസ്.പി.സി.എ എലിഫന്റ് സ്‌ക്വാഡിനാണ് നല്‍കിയിട്ടുള്ളത്.

ഇതിനായി കുടമാറ്റവേദിയില്‍ 10 വെറ്ററിനറി സര്‍ജന്‍മാര്‍ക്കും എസ് .പി .സി .എ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ചുമതല നല്‍കി. എല്ലാവരും ആനകളില്‍നിന്ന് മൂന്ന് മീറ്റര്‍ അകലം പാലിക്കണം. സെല്‍ഫി ഒഴിവാക്കണമെന്നും ജില്ലാ മൃഗാശുപത്രി മേധാവി ഡോ. ഡി ഷൈന്‍കുമാര്‍ അറിയിച്ചു.

ഇതിനിടെ തൃശ്ശൂർ പൂരത്തിന് നിയന്ത്രണമേർപ്പെടുത്തിയ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ സർക്കുലറിനെതിരെ പ്രതിഷേധം ശക്തമായതോടെ വനം വകുപ്പ് പിൻവാങ്ങിയിരുന്നു. ആനകളുടെ 50 മീറ്റർ ചുള്ളളവിൽ ആളും മേളവും പാടില്ലെന്ന സർക്കുലറിനെതിരെ പാറമക്കേവ് തിരുവമ്പാടി ദേവസ്വം ഭാരവാഹികളും ആന ഉടമകളും രംഗത്തെത്തി. പൂരം നടത്തിപ്പിന് പ്രശ്നമുണ്ടാകില്ലെന്നും വിവാദ നിർദ്ദേശങ്ങൾ പിൻവലിക്കുമെന്നും വനം മന്ത്രി അറിയിച്ചു. വിവാദ നിബന്ധനയിൽ മാറ്റം വരുത്തുമെന്നും ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും വനം മന്ത്രിയുടെ ഓഫീസും വ്യക്തമാക്കി.

Related Articles

Latest Articles