Wednesday, April 24, 2024
spot_img

കൂടത്തായി കൊലപാതകപരമ്പര: ആദ്യ ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്; കുറ്റവിമുക്തയാക്കണമെന്ന ജോളിയുടെ ഹർജി തള്ളി ഹൈക്കോടതി

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ഹർജി ഹെെക്കോടതി തളളി. ആദ്യ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്ന കേസിൽ കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് ജോളി നൽകിയ ഹർജിയാണ് ഹൈക്കോടതി തളളിയത്. കോഴിക്കോട് സ്‌പെഷ്യല്‍ അഡീഷണൽ സെഷന്‍സ് കോടതി ജോളിയുടെ അപേക്ഷ തള്ളിയിരുന്നു. ഇത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് തള്ളിയത്.

2011ലാണ് റോയ് കൊല്ലപ്പെടുന്നത്. കൊലപാതകത്തിൽ റോയ് തോമസിന്റെ ഭാര്യ ജോളിയടക്കം നാലുപ്രതികൾ അറസ്റ്റിലായിരുന്നു. റോയ് തോമസ് മരിക്കുമ്പോൾ ശരീരത്തില്‍ സയനഡിന്റെ അംശം കണ്ടെത്തിയിരുന്നു. എങ്കിലും പൊലീസ് അന്ന് അത് ആത്മഹത്യയായി എഴുതിത്തള്ളുകയായിരുന്നു. എട്ടു വര്‍ഷത്തിന് ശേഷമാണ് കൂടത്തായ് കൊലപാതക പരമ്പരയിൽ വഴിത്തിരിവ് ഉണ്ടാകുന്നത്. വടകര റൂറല്‍ എസ്.പി കെ.ജി സൈമണ് കിട്ടിയ പരാതിയാണ് കേസിന്റെ ഗതിയെ മാറ്റി മറിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലൂടെ പൊന്നാമറ്റം തറവാട്ടിൽ നടന്ന ഓരോ ദുരൂഹ മരണങ്ങളുടെയും ചുരുളുകളഴിയുകയായിരുന്നു. തുടർന്ന് ജോളിയടക്കമുള്ള പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. റോയ് തോമസിന്റെ കൊലപാതകത്തില്‍ 255 സാക്ഷികളാണുള്ളത്.

Related Articles

Latest Articles