Saturday, January 10, 2026

ദുരന്തബാധിതരെ ചേർത്തുപിടിച്ച് സൈന്യം; കുട്ടിക്കലിലും, കൊക്കയാറിലും ഹെലികോപ്ടറിൽ അവശ്യസാധനങ്ങളുൾപ്പെടെ വിതരണം ചെയ്തു

കോട്ടയം: സംസ്ഥാനത്ത് മഴ കനത്ത നാശം വിതച്ച മേഖലകളിൽ ആശ്വാസമായി സൈന്യവും (Indian Army). കൂട്ടിക്കലിലും കൊക്കയാറിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ് സേന. കൊച്ചി സതേൺ നേവൽ കമാന്റിൽ നിന്നുള്ള സേനാംഗങ്ങളാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിവരുന്നത്.

ഉരുൾപൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ട പ്രദേശവാസികൾക്കാണ് സൈന്യം ഹെലികോപ്ടറുകളിൽ അവശ്യസാധനങ്ങൾ എത്തിച്ചു നൽകിയത്. ശനിയാഴ്ചയാണ് ശക്തമായ മഴയെ തുടർന്ന് കുട്ടിക്കലിലും, കൊക്കയാറിലും ഉരുൾ പൊട്ടിയത്. ഇരു മേഖലകളിലുമായി നിരവധി വീടുകൾ തകർന്നു. വീട് നഷ്ടപ്പെട്ടവരെ സമീപമുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവിടേയ്‌ക്ക് ഭക്ഷണം, വെള്ളം മറ്റ് അവശ്യസാധനങ്ങൾ എന്നിവ സൈന്യം എത്തിക്കുന്നുണ്ട്. ആവശ്യമായവർക്ക് വൈദ്യസഹായവും സൈന്യം നൽകുന്നുണ്ട്. ഐഎൻഎസ് ഗരുഡയിൽ നിന്ന് പറന്ന ഹെലികോപ്ടറാണ് പ്രദേശത്ത് കുടിവെളളം ഉൾപ്പെടെ വിതരണം ചെയ്തത്. ഇന്നലെ കാലാവസ്ഥ മെച്ചപ്പെട്ടതോടെയാണ് അവശ്യസാധനങ്ങൾ വിതരണം ചെയ്യാനായി ഹെലികോപ്ടർ വിന്യസിച്ചത്.

പെട്ടെന്നുണ്ടായ ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ കുട്ടിക്കലിലെയും കൊക്കയാറിലെയും പ്രദേശവാസികൾക്ക് ഏറെ ആശ്വാസമായി മാറിയിരിക്കുകയാണ് സൈന്യത്തിന്റെ നടപടി. ഉരുൾപൊട്ടൽ ഉണ്ടായ മേഖലകൾക്ക് സമീപദേശങ്ങളിലും ഇനിയും ജനജീവിതം സാധാരണ നിലയിൽ ആയിട്ടില്ല. ഈ സാഹചര്യത്തിലാണ് സൈന്യം അവശ്യസാധനങ്ങളുമായി എത്തിയത്. ദുരിതാശ്വാസ സാമഗ്രികൾ ഏന്തയാറിലെ ജെഎംഎം എച്ച്എസ് സ്‌കൂളിൽ എത്തിച്ചാണ് വിതരണം ചെയ്യുന്നത്. ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആകാശ നിരീക്ഷണം ഉൾപ്പെടെ സൈന്യം നടത്തിവരികയാണ്. സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ അടിയന്തിര സാഹചര്യം നേരിടാൻ ഡൈവിംഗ് , റെസ്‌ക്യൂ സംഘങ്ങളെയും സജ്ജമാക്കിയിട്ടുണ്ട്.

Related Articles

Latest Articles