തളിപ്പറമ്പ്: ഈ പാര്‍ട്ടിയെ പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല. പാര്‍ട്ടി ഗുണ്ടകള്‍ അരങ്ങ് വാഴുമ്പോള്‍ മുഖ്യമന്ത്രി പലപ്പോഴും പറയാറുള്ള ഈ വാചകത്തിന് പ്രത്യേകിച്ച് കണ്ണൂരില്‍ പ്രസക്തി ഏറെയാണ്. വികസനഭ്രാന്ത് തലയ്ക്ക് പിടിച്ച് നടക്കുന്ന സി പി എം സഖാക്കള്‍ക്ക് പാവപ്പെട്ട ഭൂഉടമകളോട് പണ്ടേ പുച്ഛമാണ്. ഭൂമി നിങ്ങളുടേതാണെങ്കിലും തീരുമാനമെടുക്കുക ഞങ്ങളായിരിക്കും എന്ന മട്ടിലാണ് പാര്‍ട്ടിയുടെ ഗുണ്ടായിസം. കൂവേരി ചപ്പാരപ്പടവ് മേഖലയിലെ തീരദേശ റോഡ‍് വികസനവുമായി ബന്ധപ്പെട്ട് സി പി എമ്മിന്‍റെ ലോക്കല്‍ ഗുണ്ടകള്‍ കാട്ടിക്കൂട്ടിയ പേക്കൂത്താണ് നാട്ടിലാകെ ഇപ്പോള്‍ സംസാരവിഷയം.
മന്ന,വെള്ളാവ്,പനങ്ങാട്ടൂര്‍, കാട്ടാമ്പള്ളി, കൂവേരി,ചപ്പാരപ്പടവ്, മംഗര, ചാണോക്കുണ്ട്, തടിക്കടവ് എന്നീ പ്രദേശങ്ങളിലൂടെ കടന്നുപോകുന്നതാണ് കൂവേരി-കാട്ടാമ്പള്ളി-തടിക്കടവ് തീരദേശ റോഡ്. 2016ലാണ് അധികൃതര്‍ സര്‍വേ നടത്തി 10 മീറ്റര്‍ വീതിയില്‍ ഈ റോഡിനായി സ്ഥലം ഏറ്റെടുത്തത്. ഇതില്‍ ഭൂ ഉടമകള്‍ക്ക് ശക്തമായ പ്രതിഷേധം ഉണ്ട്. 2019 മെയ് മാസത്തില്‍ മന്ത്രി ജി സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ തീരദേശ റോഡ് പ്രവൃത്തിയുടെ ഉദ്ഘാടനവും നടത്തി. ഇതിനായി തട്ടിക്കൂട്ട് രാഷ്ട്രീയകമ്മിറ്റി ഉണ്ടാക്കുകയും ഭൂഉടമസ്ഥര്‍ക്ക് ആര്‍ക്കും സ്ഥലം ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഈ കമ്മിറ്റി തെറ്റായ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് പി ഡബ്ലു ഡി തീരദേശ റോഡ് പ്രവൃത്തി തുടങ്ങിയത്. റോഡിന് വീതി കൂട്ടല്‍ 12 മീറ്ററാക്കി പുതുക്കി നിശ്ചയിച്ചതും അധികൃതര്‍ ഭൂ ഉടമകളെ അറിയിച്ചിരുന്നില്ല. സ്ഥലം എം എല്‍ എ ജയിംസ് മാത്യുവും യു ഡി എഫ് നേതൃത്വത്തിലുള്ള ചപ്പാരപ്പടവ് പഞ്ചായത്ത് ഭരണസമിതിയും പി ഡബ്ല്യു ഡിയും പ്രാദേശിക സി പി എം നേതൃത്വവും ഒത്തുചേര്‍ന്നാണ് ഭൂഉടമകളെ ഒന്നടങ്കം കബളിപ്പിക്കുന്ന നാടകത്തിന് തിരക്കഥ തയ്യാറാക്കിയത്. കിഫ്ബി ഫണ്ട് ലഭിക്കണമെങ്കില്‍ 12 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കണമെന്നതാണ് ഫാസിസ്റ്റ് തീരുമാനത്തിന് പറയുന്ന മുടന്തന്‍ ന്യായം.
7 മീറ്റര്‍ ടാറിംഗിന് 12 മീറ്റര്‍ സ്ഥലം ഏറ്റെടുക്കുന്നത് എന്തിനാണെന്ന ഭൂ ഉടമകളുടെ ചോദ്യത്തിന് അധികൃതര്‍ക്ക് വ്യക്തമായ മറുപടി ഇല്ല. രസിക്കാത്ത ചോദ്യങ്ങള്‍ ചോദിക്കുന്ന ഭൂ ഉടമകളെ ഭീഷണിപ്പെടുത്തി അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പാര്‍ട്ടി ലോക്കല്‍ ഗുണ്ടകളും രംഗത്തുണ്ട്. 40 വര്‍ഷം മുന്നില്‍ കണ്ടാണ് വികസനം നടപ്പിലാക്കുന്നതെന്നും ആരെന്ത് പറഞ്ഞാലും പാര്‍ട്ടി തീരുമാനം നടപ്പാക്കുമെന്നാണ് പാര്‍ട്ടിഗുണ്ടകളുടെ ഭീഷണി.
ബസ് ബേ അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് റോഡ് വീതി കൂട്ടലിന്‍റെ ഭാഗമായി നടക്കുകയെന്നാണ് വികസനഅനുകൂലികളുടെ വരട്ട് ന്യായവാദം. പൂവത്ത് നിന്ന് കാട്ടാമ്പള്ളി വരെ റോഡിന് എട്ട് മീറ്റര്‍ വീതി മാത്രമേ ഉള്ളൂ. ചപ്പാരപ്പടവില്‍ ഇത് 10 മീറ്ററാണ്. ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ വരുമ്പോള്‍ അതിനെ അക്രമത്തിലൂടെ നേരിടുകയാണ് പാര്‍ട്ടി ഗുണ്ടകള്‍. തെറ്റായ തീരുമാനത്തെ ചോദ്യം ചെയ്യുന്നവരെ കള്ളക്കേസില്‍ കുടുക്കാനും പാര്‍ട്ടി തലത്തില്‍ ശ്രമം നടന്നെന്നും ആരോപണമുണ്ട്.
അശാസ്ത്രീയമായ ഭൂമി ഏറ്റെടുക്കലിനെതിരെ ഭൂ ഉടമകള്‍ പഞ്ചായത്ത് പ്രസിഡന്‍റിനും പി ഡബ്ല്യു ഡി ക്കും പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഗത്യന്തരമില്ലാതെ കൂവേരി ജി എല്‍ പി സ്കൂളില്‍ വിപുലമായ മീറ്റിംഗ് അധികൃതര്‍ വിളിച്ചുചേര്‍ത്തിരുന്നു. അധികൃതരുടെ മനുഷ്യത്വരഹിതവും വഞ്ചനാപരവുമായ നടപടിക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. തങ്ങളാരും അറിയാതെ കമ്മിറ്റിയുണ്ടാക്കിയതിനെതിരെയായിരുന്നു ഭൂ ഉടമകളുടെ പരാതി. അശാസ്ത്രീയമായ റോഡ് നിര്‍മാണത്തിനെതിരെ ചോദ്യം ഉന്നയിച്ചവരെ ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും ആക്ഷേപം ഉണ്ട്.
റോഡ് വികസനത്തിന്‍റെ പേരില്‍ ഉള്ള വ്യാജ പ്രചാരണങ്ങളെയും ഭീഷണികളെയും ഭൂ ഉടമകള്‍ യോഗത്തില്‍ തുറന്നുകാട്ടിയപ്പോള്‍ നേരത്തെ രൂപീകരിച്ച തട്ടിക്കൂട്ട് രാഷ്ട്രീയ കമ്മിറ്റി പുനസംഘടിപ്പിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. എങ്കിലും അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്ന കമ്മിറ്റിയില്‍ ചേരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് ഭൂ ഉടമകളില്‍ പലരും യോഗം ബഹിഷ്ക്കരിച്ചു.
അടിമുടി സി പി എം നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടിംഗ് സൊസൈറ്റിക്കാണ് കൂടിയ ടെന്‍ഡറിന് പ്രവൃത്തിയുടെ കരാര്‍ നല്‍കിയത്. 18 കിലോമീറ്റര്‍ ദൂരം വരുന്നതാണ് ഈ തീരദേശ റോഡ്. ഒരു കിലോമീറ്റര്‍ പ്രവൃത്തിക്ക് നാല് കോടി രൂപ കണക്കാക്കിയാണ് ടെന്‍ഡര്‍ വിളിച്ചത്.സി പി എം അനുഭാവി കുടുംബങ്ങള്‍ ഉള്‍പ്പെടെ അനവധി പേര്‍ക്കാണ് റോഡ് വീതി കൂട്ടലില്‍ സ്ഥലം നഷ്ടമാവുക. തുച്ഛമായ സെന്‍റ് ഭൂമിയും വീടുമുള്ള കുടുംബങ്ങള്‍ വരെ അശാസ്ത്രീയമായ റോഡ് വീതി കൂട്ടലിന്‍റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടും.
കിണറുകളും കുളങ്ങളും ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകള്‍, കൃഷിയിടങ്ങള്‍,വീടുകള്‍,കെട്ടിടങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയവ നശിപ്പിക്കപ്പെടും. വ്യാപക പരിസ്ഥിതി നാശത്തിനാണ് ഇത് ഇടയാക്കുക. 12 മീറ്ററില്‍ റോഡ് വീതി കൂട്ടുന്നതിനായി സ്ഥലം എം എല്‍ എ ജയിംസ് മാത്യുവിന്‍റെ നേതൃത്വത്തില്‍ ചില പ്രദേശങ്ങളില്‍ പാര്‍ട്ടി അനുഭാവികളായ ഭൂ ഉടമകളെ മോഹനവാഗ്ദാനം നല്‍കി അനുനയിപ്പിച്ചിരുന്നു. ചാണോക്കുണ്ട് ഭാഗത്ത് രണ്ട് റീച്ചുകളില്‍ തീരദേശ റോഡിന്‍റെ പണി തുടങ്ങിയിട്ടുണ്ട്. കള്‍വര്‍ട്ട് പണിയും ഇതോടനുബന്ധിച്ച് പുരോഗമിക്കുകയാണ്.
പ്രൊഫസര്‍ പി ലക്ഷ്മണന്‍ ചെയര്‍മാനായും സി സുധീര്‍ നമ്പ്യാര്‍ കണ്‍വീനറായും ഭൂ ഉടമകള്‍ സ്വതന്ത്ര കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ആദ്യം മുതല്‍ അവസാനം വരെ 10 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കുകയാണെങ്കില്‍ സഹകരിക്കാമെന്നാണ് ഭൂ ഉടമകളുടെ സ്വതന്ത്രകമ്മിറ്റിയുടെ നിലപാട്. സൗജന്യമായി വിട്ടുനല്‍കുന്ന സ്ഥലത്ത് നിര്‍മിതികള്‍ പുനര്‍നിര്‍മിക്കണമെന്നും ഇതിന് വേണ്ട ചെലവ് കണക്കാക്കി തുക അതാത് ഭൂ ഉടമകളെ ഏല്‍പിച്ചതിന് ശേഷം മാത്രമേ പണി തുടങ്ങാന്‍ പാടുള്ളൂവെന്നും ഭൂ ഉടമകളുടെ സ്വതന്ത്ര കമ്മിറ്റി ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും പി ഡബ്ല്യു ഡി- പഞ്ചായത്ത് അധികൃതര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ഭൂ ഉടമകളുടെ സ്വതന്ത്ര കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

