കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് കുഞ്ഞിനെ കടത്തിയ സംഭവത്തില്‍ പിടിയിലായ നീതുവിന്റെ കാമുകന്‍ ഇബ്രാഹിം ബാദുഷ അറസ്റ്റില്‍. ഇയാൾക്കെതിരെ വഞ്ചന, ബാലനീതി വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പണം നല്‍കാത്തതിന് നീതുവിനെ മര്‍ദ്ദിച്ചതിനും കേസെടുത്തു.
നീതുവിന്റെ പരാതിയിലാണ് പൊലീസ് നടപടി. ഏഴുവയസ്സുള്ള മകനെ ഉപദ്രവിച്ചിരുന്നതായും നീതു പരാതിയിൽ പറയുന്നുണ്ട്. ഇബ്രാഹിം ബാദുഷ ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. അതേസമയം കുട്ടിയെ കടത്തിയ സംഭവത്തില്‍ ഇബ്രാഹിമിന് പങ്കില്ലെന്ന് കോട്ടയം എസ്പി അറിയിച്ചു. സ്വന്തം കുട്ടിയായി വളര്‍ത്താനായിരുന്നു നീതുവിന്റെ ലക്ഷ്യം. ഇബ്രാഹീമുമായി ബന്ധം തുടരാനാണ് കുഞ്ഞിനെ നീതു കടത്തിയതെന്നും എസ്പി വ്യക്തമാക്കി.
ടിക് ടോക്കിൽ പരിചയപ്പെട്ട കളമശ്ശേരി സ്വദേശിയായ ഇബ്രാഹിമുമായി രണ്ട് വർഷമായി നീതു ബന്ധത്തിലായിരുന്നു. തുടർന്ന് ഗർഭിണി ആവുകയും ചെയ്തു. പക്ഷേ ഗർഭം അലസി. എന്നാൽ ഇക്കാര്യം കാമുകനെ അറിയിച്ചില്ല. ഇതിനിടെ നീതുവി നെ ഒഴിവാക്കി യുവാവ് വേറെ വിവാഹം കഴിക്കാനുള്ള നീക്കങ്ങൾ തുടങ്ങി. ഇയാളെ ഒപ്പം നിർത്താൻ വേണ്ടി ഗർഭം അലസിയ കാര്യം ശിൽപ മറച്ചു വയ്ക്കുകയും തട്ടിയെടുത്ത കുഞ്ഞിനെ താൻ പ്രസവിച്ച കുഞ്ഞായി ചിത്രീകരിക്കാൻ ശ്രമിക്കുകയുമായിരുന്നു.

