Thursday, May 16, 2024
spot_img

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അൽപസമയത്തിനകം: ജോസ് കെ മാണി-ജോസഫ് വിഭാഗങ്ങൾ രംഗത്ത്

കോട്ടയം: അവസാന മണിക്കൂറില്‍, പി.ജെ. ജോസഫ് അപ്രതീക്ഷിത നീക്കത്തിലൂടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ ഇന്ന് നടക്കാനിരിക്കുന്ന കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രതിസന്ധിയില്‍. പിളര്‍പ്പിനുശേഷം നടക്കുന്ന നിര്‍ണായക തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗവും വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ്‌. ചൊവ്വാഴ്ച രാത്രി വൈകിയും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും സമവായത്തിനുള്ള സാധ്യത കുറവാണ്. ബുധനാഴ്ച രാവിലെ പതിനൊന്നുമണിക്കാണ് തിരഞ്ഞെടുപ്പ്.

നിലപാട് സ്വീകരിക്കാന്‍ ബുധനാഴ്ച രാവിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നു. കോണ്‍ഗ്രസ് ആരെ പിന്തുണച്ചാലും മറുപക്ഷം കടുത്ത തീരുമാനമാകും എടുക്കുക. മുന്നണിമാറ്റത്തിനുവരെ ഇടയാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കേരള കോണ്‍ഗ്രസിലെ രണ്ട് വിഭാഗവും നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ എട്ടംഗങ്ങളുള്ള കോണ്‍ഗ്രസ് തനിച്ചു മത്സരിക്കണമെന്ന അഭിപ്രായം കോണ്‍ഗ്രസ് ജില്ലാനേതാക്കള്‍ സംസ്ഥാനനേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ടെന്നറിയുന്നു.

അവസാനവര്‍ഷം കേരള കോണ്‍ഗ്രസിനെന്ന യു.ഡി.എഫ്. ധാരണപ്രകാരമാണ് പ്രസിഡന്റായിരുന്ന കോണ്‍ഗ്രസിലെ അഡ്വ. സണ്ണി പാമ്പാടി രാജിവച്ചത്. കേരള കോണ്‍ഗ്രസിന്റെ ആറു അംഗങ്ങളും തങ്ങള്‍ക്കൊപ്പമാണെന്നതിനാല്‍ ഈ പ്രതിസന്ധി ജോസ് കെ. മാണി പക്ഷം പ്രതീക്ഷിച്ചിരുന്നില്ല. ജോസഫ് ഗ്രൂപ്പില്‍നിന്നു ജോസ് പക്ഷത്തേക്കെത്തിയ സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച്‌ ജില്ലാപ്രസിഡന്റ് സണ്ണി തെക്കേടം വിപ്പും നല്‍കിയിരുന്നു.

തിരഞ്ഞെടുപ്പിനു മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് ജോസ് പക്ഷം വിട്ട് അജിത്ത് മുതിരമല പി.ജെ. ജോസഫിനൊപ്പം ചേര്‍ന്നത്. പി.ജെ. ജോസഫ് അജിത്തിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കി അദ്ദേഹത്തിന് വോട്ടുചെയ്യണമെന്ന് വിപ്പുംനല്‍കി. ജോസ് പക്ഷത്തുള്ള അംഗങ്ങളുടെ വീടുകളിലെത്തി ഭിത്തികളില്‍ ചൊവ്വാഴ്ച രാവിലെ നിര്‍ദേശം പതിച്ചു. വിപ്പ് നല്‍കാനുള്ള അധികാരം ആക്ടിങ് ചെയര്‍മാനായ തനിക്കാണെന്ന് പി.ജെ. ജോസഫ് പ്രഖ്യാപിച്ചു. ജില്ലാപ്രസിഡന്റുമാര്‍ക്ക് വിപ്പ് നല്‍കാനുള്ള അധികാരം എടുത്തുകളയണമെന്നാവശ്യപ്പെട്ട് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മിഷനെയും സമീപിച്ചു.

പി.ജെ. ജോസഫിന് വിപ്പ് നല്‍കാനോ പിന്‍വലിക്കാനോ അധികാരമില്ലെന്ന പ്രസ്താവനയുമായി കേരള കോണ്‍ഗ്രസ്-എം. സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് രംഗത്തെത്തി. പാര്‍ട്ടി ഭരണഘടനപ്രകാരം ചിഹ്നം അനുവദിക്കുന്നതും വിപ്പ് നല്‍കുന്നതും ജില്ലാപ്രസിഡന്റാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles