കോട്ടയം: തൃക്കൊടിത്താനത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി മർദ്ദിച്ച കേസിൽ പഞ്ചായത്ത് മെമ്പർ അടക്കമുള്ള സിപിഎം പ്രാദേശിക നേതാക്കൾ അറസ്റ്റിൽ. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് മെമ്പറുമായ ബൈജു വിജയൻ, പാർട്ടി ബ്രാഞ്ച് സെക്രട്ടറി സുനിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാറിനെ സംഘം വീട്ടിൽ കയറി മർദ്ദിച്ചത്. സംഭവം നടന്ന് ആറാം ദിവസമാണ് പ്രതികളെ പിടികൂടുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാറിനെ വീട്ടിൽ കയറി സിപിഎം പ്രാദേശിക നേതാക്കൾ മർദ്ദിച്ചത്. യൂത്ത് കോൺഗ്രസ് പ്രാദേശിക പ്രവർത്തകനായ ആന്റോ ആന്റണിക്കും അക്രമത്തിൽ പരിക്കേറ്റു.
രാത്രി പതിനൊന്നര മണിയോടെയാണ് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം ആദ്യം മനുവിന്റെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയത്. അക്രമികൾക്കെതിരെ വധശ്രമ കേസ് ചുമത്തണമെന്ന ആവശ്യം പോലീസ് അംഗീകരിച്ചില്ല. ആയുധമുപയോഗിച്ചുള്ള ആക്രമണത്തിനും ഭവനഭേദനത്തിനുമാണ് പഞ്ചായത്ത് അംഗം ബൈജു ,സുനിൽ , മിജു എന്നിവർക്കെതിരെ കേസെടുത്തത്.

