Saturday, May 18, 2024
spot_img

കേരളത്തിൽ ശിശുപരിപാലനം മെച്ചപ്പെടണം; ബാലഗോകുലം മികച്ച മാതൃകയെന്നും ശ്രീകൃഷ്‌ണ രൂപം മനസ്സിലുണ്ടാകണമെന്നും സിപിഎം മേയർ; ബാലഗോകുലത്തിന്റെ മാതൃസമ്മേളനം കൃഷ്ണവിഗ്രഹത്തിൽ തുളസിമാല ചാർത്തി ഉദ്ഘാടനം ചെയ്ത് കോഴിക്കോട് മേയർ ബീനാ ഫിലിപ്പ്

കോഴിക്കോട്: കുട്ടികളുടെ സാംസ്കാരിക സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനം, കൃഷ്ണവിഗ്രഹത്തിൽ തുളസിമാല ചാർത്തി ഉദ്ഘാടനം ചെയ്ത് കോഴിക്കോട് മേയർ ബീനാ ഫിലിപ്പ്. കേരളത്തിൽ ശിശുപരിപാലനം മെച്ചപ്പെടേണ്ടതുണ്ടെന്നും ഉത്തരേന്ത്യക്കാർ അതിന് മികച്ച മാതൃകയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ബീന പറഞ്ഞു. “ശിശുമരണ നിരക്ക് കുറക്കുക എന്നത് മാത്രമല്ല ബാല്യകാലത്ത് നാം കുട്ടികൾക്ക് എന്ത് പകർന്നു നൽകുന്നു എന്നതും പ്രധാനമാണ്. ശ്രീകൃഷ്ണ രൂപം മനസ്സിലുണ്ടാകണം, പുരാണ കഥാപാത്രങ്ങളെ മനസ്സിലേക്ക് ഉൾക്കൊള്ളണം. ബാലഗോകുലത്തിന്റേതായ മനസ്സിലേക്ക് അമ്മമാർ എത്തണം. ഉണ്ണിക്കണ്ണനോട് ഭക്തിയുണ്ടായാൽ ഒരിക്കലും കുട്ടികളോട് ദേഷ്യപ്പെടാനാവില്ല. എല്ലാ കുട്ടികളെയും ഉണ്ണിക്കണ്ണന്മാരായി കാണാൻ കഴിയണം. അപ്പോൾ കുട്ടികളിലും ഭക്തിയും സ്നേഹവുമുണ്ടാകും” -ബീന കൂട്ടിച്ചേർത്തു.

സംഘപരിവാർ സംഘടനകളോട് അന്ധമായ വിരോധം പുലർത്തുന്നവരാണ് പൊതുവിൽ കേരളത്തിലെ സിപിഎം നേതാക്കൾ. കേരളത്തിലെ ഭരണ മുന്നണിയും പ്രതിപക്ഷവും തങ്ങളാണ് തീവ്രമായി സംഘപരിവാർ ആശയങ്ങളെ എതിർക്കുന്നത് എന്ന പ്രതിച്ഛായ സൃഷ്ടിക്കാൻ ശ്രമിക്കാറുണ്ട്. സംഘപരിവാർ സംഘടനകൾ സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുത്താൽ മുന്നണികൾ പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ കടുത്ത അച്ചടക്ക നടപടിയെടുക്കുക പതിവാണ്. ഏറ്റവും അവസാനം മാധ്യമസ്ഥാപനമായ കേസരി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ മുസ്‌ലിം ലീഗ് നേതാവ് കെ എൻ എ ഖാദറിനെ പാർട്ടി പരസ്യമായി ശാസിച്ചത് കേരളത്തിൽ ചർച്ചയായിരുന്നു. ആർ എസ്സ് എസ്സ് ആശയങ്ങളിലേക്ക് കുട്ടികളെ ആകർഷിക്കാനാണ് ബാലഗോകുലം ശ്രീകൃഷ്ണജയന്തി ശോഭായാത്രകൾ സംഘടിപ്പിക്കുന്നതെന്നാണ് സിപിഎം നിലപാട്. പാർട്ടി അനുഭാവികളുടെ കുട്ടികൾ ശോഭായാത്രകളിൽ പങ്കെടുക്കാതിരിക്കാൻ സിപിഎം ചില കേന്ദ്രങ്ങളിൽ സമാന്തര ശോഭായാത്രകളും സംഘടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബാലഗോകുലത്തിന്റെ വീക്ഷണങ്ങളെ അംഗീകരിച്ചും പ്രശംസിച്ചും സിപിഎം കാരിയായ കോഴിക്കോട് മേയറുടെ പ്രസംഗം ശ്രദ്ധേയമാകുന്നത്.

Related Articles

Latest Articles