കോഴിക്കോട് ഒരു താലൂക്കിലും സിവില്‍ സ്റ്റേഷൻ ഓഫീസുകള്‍ക്കും രാത്രി കാവല്‍ക്കാരില്ല. താലൂക്ക് ഓഫീസിലുണ്ടായ തീപിടിത്തം മണിക്കൂറുകള്‍ വൈകി അറിയാന്‍ കാരണമായത് കാവല്‍ക്കാരന്റെ അഭാവം കൊണ്ടാണ്. കാലവര്‍ഷ കെടുതിയുണ്ടാകുമ്ബോള്‍ കണ്‍ട്രോള്‍ റൂം തുടങ്ങിയാല്‍ മാത്രമേ താലൂക്ക് ഓഫിസില്‍ രാത്രി 2 ജീവനക്കാര്‍ ഡ്യൂട്ടിയിലുണ്ടാകൂ. മിനി സിവില്‍ സ്റ്റേഷനിലെ എല്ലാ ഓഫിസുകളുടെയും താക്കോല്‍ സൂക്ഷിക്കുന്നത് താലൂക്ക് ഓഫിസിലാണ്.
ഭൂമി സംബന്ധമായത് ഉള്‍പ്പെടെ വിലപ്പെട്ട രേഖകള്‍ ഏറെ സൂക്ഷിക്കുന്ന താലൂക്ക് ഓഫിസില്‍ രാത്രി കാവലിന് ആളില്ലെന്ന കാര്യം ഇന്നലെയാണ് ഇവിടെയുള്ള ജനപ്രതിനിധികള്‍ പോലും അറിയുന്നത്. 1885 കാലത്ത് സ്ഥാപിച്ചതെന്നു കരുതുന്ന ഈ ഓഫിസില്‍ ബ്രിട്ടിഷുകാരുടെ കാലത്തുള്ള ഫയലുകള്‍ പോലുമുണ്ടായിരുന്നു. മിനി സിവില്‍ സ്റ്റേഷനിലും രാത്രി കാവലിന് ആളില്ല. എന്നാല്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, വിഎച്ച്‌എസ്‌ഇ ഓഫിസ് എന്നിവയ്ക്ക് പ്രത്യേകം കാവല്‍ക്കാരുണ്ട്. രാത്രി പ്രവര്‍ത്തിക്കുന്ന എക്സൈസ് ഓഫിസിലും ആളുണ്ടാവും. ബാക്കി ഓഫിസുകളില്‍ രാത്രി എന്തു സംഭവിച്ചാലും പുറംലോകമറിയില്ല.

