Thursday, December 25, 2025

പണവും മൊബൈൽ ഫോണും കവർന്ന രണ്ടു പേർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് അപ്സര തിയേറ്ററിന് സമീപം നിൽക്കുകയായിരുന്ന യാത്രക്കാരന്റെ മൊബൈൽ ഫോണും പണവും കവർന്ന് പ്രതികൾ രക്ഷപെട്ടു. കോഴിക്കോട് ടൗൺ പോലീസ് പ്രതികളെ പിന്തുടർന്ന് പിടിയ്ക്കുകയായിരുന്നു. ചേളന്നൂർ പളളിപൊയിലുളള പുല്ലൂർ താഴം വാടകവീട്ടിൽ താമസിക്കുന്ന സാദിഖ്. പി, (25), അരീക്കാട് ബറാമി പളളിക്ക് സമീപം താമസിക്കുന്ന അബ്ദുൾ റാഷിദ് ടി.ടി (24) എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 28 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അപ്സര തിയേറ്ററിന് സമീപം വെച്ച് പരാതിക്കാരനേയും കൂടെയുണ്ടായിരുന്ന സുഹൃത്തിനേയും ആക്രമിച്ച് പരാതിക്കാരന്റെ പോക്കറ്റിൽ നിന്ന് 1500 രൂപയും, സുഹൃത്തിന്റെ 12,000 രൂപ വിലവരുന്ന മൊബൈൽ ഫോണും പ്രതികൾ പിടിച്ചു പറിച്ചു കൊണ്ടു പോവുകയായിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ പോലീസ് തിരിച്ചറിയുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കേസ്സിലെ ഒന്നാം പ്രതിയായ കണ്ണഞ്ചേരി സ്വദേശിയായ അജ്മൽ തൃശ്ശൂർ പുതുക്കാട് സ്റ്റേഷന് പരിധിയിലെ കളവ് കേസ്സിൽ ഉൾപ്പെട്ട് വിയ്യൂർ ജയിലിലാണ്. ടൗൺ പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ ഷൈജു സി, അനൂപ് എ പി, സീനിയർ സിപിഒമാരായ സജേഷ് കുമാർ, സഞ്ജീവൻ, രമേഷ്, സിപിഒ മാരായ ഷിജിത്ത്. കെ , ജിതേന്ദ്രൻ എന്നിവരാണ് ഇവരെ പിടികൂടിയത്.

Related Articles

Latest Articles