Sunday, June 16, 2024
spot_img

കോഴിക്കോട് യുവാവ് തീകൊളുത്തിയ യുവതി മരിച്ചു: ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്ന് പൊലീസ്

കോഴിക്കോട്: ദേശീയപാതയിൽ തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ യുവാവ്​ തീകൊളുത്തിയ യുവതി മരിച്ചു. 22 കാരിയായ കൃഷ്ണപ്രിയയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കൃഷ്ണപ്രിയയ്ക്ക് 99 ശതമാനം പൊള്ളലേറ്റിരുന്നു. യുവതിയെ തീകൊളുത്തിയതിന് പിന്നാലെ സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്.

തിക്കോടി പഞ്ചായത്ത് ഓഫീസിലെ പ്ലാനിങ് വിഭാഗം പ്രൊജക്‌ട് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയെയാണ് തീകൊളുത്തിയത്. തിക്കോടി കാട്ടുവയല്‍ കുനി മനോജന്റെ മകളാണ് പ്രിയ.

അയൽവാസി വലിയ മഠത്തിൽ മോഹനന്‍റെ മകൻ നന്ദകുമാർ ഇന്ന് രാവിലെ പത്തോടെ കൃഷ്ണപ്രിയയെ കുത്തിവീഴ്ത്തി ദേഹത്ത്​ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ കൃഷ്​ണപ്രിയയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. യുവതിയെ തീകൊളുത്തിയ ശേഷം സ്വയം തീകൊളുത്തി ആത്മഹത്യക്ക്​ ശ്രമിച്ച നന്ദകുമാർ ചികിത്സയിലാണ്​.

യുവതി ജോലിയിൽ പ്രവേശിച്ചിട്ട് നാല് ദിവസം മാത്രമെ ആയിട്ടുള്ളൂ. പത്ത് മണിയോടെ ഓഫീസിലേക്ക് കയറാൻ ശ്രമിച്ച കൃഷ്ണപ്രിയയെ സംസാരിക്കാനെന്ന വ്യാജേന തടഞ്ഞ് നിര്‍ത്തി. പിന്നീട് റോഡരികിൽ വെച്ച് തർക്കം മൂത്ത് അക്രമണത്തിലേക്ക് നീങ്ങി. കൈയ്യിൽ കരുതിയ ബോട്ടിലിലെ പെട്രോൾ കൃഷ്​ണപ്രിയയുടെ ദേഹത്തും തുടർന്ന് സ്വയം ദേഹത്തും ഒഴിച്ച യുവാവ് ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു. ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്‌

സംഭവത്തിൽ പയ്യോളി പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് മെഡിക്കൽ കോളജിലെത്തി നന്ദുവിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. ഇരുവരും തമ്മിൽ കുറച്ചുകാലങ്ങളായി പ്രണയത്തിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഈ ബന്ധത്തിലെ പ്രശ്നങ്ങളാണ് യുവാവിനെ കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

Related Articles

Latest Articles