Tuesday, May 14, 2024
spot_img

‘മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവം ദൗര്‍ഭാഗ്യകരം’; കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പ് യോഗം അനുവദിക്കില്ല: കെ സുധാകരന്‍

തിരുവനന്തപുരം: കോഴിക്കോട് എ ഗ്രൂപ്പിന്റെ രഹസ്യയോഗം ചേർന്ന കോൺ​ഗ്രസ് നേതാക്കൾ മാധ്യമപ്രവ‍ർത്തകരെ അക്രമിച്ച സംഭവം ദൗ‍ർഭാ​ഗ്യകരമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ . കോഴിക്കോട് ഡിസിസിയുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടിയുണ്ടാവുമെന്ന് സുധാകരന്‍ വ്യക്തമാക്കി.

കോഴിക്കോടുണ്ടായത് മോശം സംഭവമാണെന്നും അതിൽ കെപിസിസിക്ക് (KPCC) ദുഖമുണ്ടെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട കെ.സുധാകരൻ പറഞ്ഞു. കോൺ​ഗ്രസിൽ ഇനി ​ഗ്രൂപ്പ് യോ​ഗം അനുവദിക്കില്ലെന്നും സുധാകരൻ കൂട്ടിച്ചേ‍ർത്തു. അതേസമയം മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ കോഴിക്കോട് മുന്‍ ഡിസിസി പ്രസിഡന്റ് യു രാജീവന്‍ മാസ്റ്ററടക്കം 20 പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കസബ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം കോഴിക്കോട് കോണ്‍ഗ്രസ്സ് ഗ്രൂപ്പ് യോഗത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ പരാതിക്കാരുടെ വിശദമായ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ നല്‍കിയ പരാതിയും കൈരളി,ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍മാര്‍ നല്‍കിയ പരാതികളും ചേര്‍ത്ത് ഒറ്റ കേസായാവും അന്വേഷണം‍. വനിത മാധ്യമപ്രവര്‍ത്തകയുടെ പരാതി കൂടി പരിഗണിച്ച് കൂടുതല്‍ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Latest Articles