Monday, April 29, 2024
spot_img

കോവിഡ്: രാജ്യത്ത് 11,271 പുതിയ രോഗികൾ; 112 കോടി പിന്നിട്ട് വാക്‌സിനേഷൻ; ഉയർന്ന രോഗമുക്തി നിരക്ക്

ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,271 പേർക്ക് കൂടി കോവിഡ് (Covid Updates In India)സ്ഥിരീകരിച്ചു. കഴിഞ്ഞ 522 ദിവസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3,44,37,307 ആയി. നിലവിൽ രാജ്യത്ത് 1,35,918 പേരാണ് വിവിധ ഇടങ്ങളിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.

11,376 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,38,37,859 പേർ ഇതുവരെ രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 98.26 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
ഇന്ത്യയിൽ ഇതുവരെ 62.37 കോടി കോവിഡ് പരിശോധനകൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോവിഡിനെ തുടർന്ന് 285 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 4,63,530 ആയി. അതേസമയം രാജ്യത്ത് വാക്‌സിനേഷൻ 112 കോടി പിന്നിട്ടു. ഇതുവരെ 1,12,01,03,225 ആളുകളാണ് വാക്‌സിൻ സ്വീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 57 ലക്ഷം ഡോസ് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്തത്.

കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണം കുറയുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 6468 പേര്‍ക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 907, തിരുവനന്തപുരം 850, തൃശൂര്‍ 772, കോഴിക്കോട് 748, കൊല്ലം 591, കോട്ടയം 515, കണ്ണൂര്‍ 431, ഇടുക്കി 325, പാലക്കാട് 313, ആലപ്പുഴ 250, മലപ്പുറം 250, വയനാട് 192, പത്തനംതിട്ട 189, കാസര്‍ഗോഡ് 135 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

Related Articles

Latest Articles