Saturday, May 18, 2024
spot_img

പദ്ധതിയുടെ അലൈന്‍മെന്റിന്റെ 20 ശതമാനം മാത്രമാണ് ഡിപിആറില്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്; നിര്‍ദ്ദിഷ്ട പാതയില്‍ 120 കിലോമീറ്റര്‍ സ്പീഡില്‍ കൂടുതല്‍ ഓടിക്കാന്‍ പറ്റില്ല; ഡി പി ആറിലെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടി അലോക് കുമാര്‍

സില്‍വര്‍ലൈന്‍ (Silver Line) പദ്ധതിയുടെ ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്ന് പ്രാഥമിക സാധ്യതാ പഠനം നടത്തിയ സംഘത്തലവന്‍ അലോക് കുമാര്‍ വർമ്മ. പദ്ധതിയുടെ അലൈന്‍മെന്റിന്റെ 20 ശതമാനം മാത്രമാണ് ഡിപിആറില്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്. ആകെ 120 കിലോമീറ്റര്‍ അലൈന്‍മെന്റ് മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. കോട്ടയത്തിന് ശേഷമുള്ള പാതയെക്കുറിച്ച് ഒരു വിവരവും ഡി.പി.ആറിലില്ലെന്നും അദ്ദേഹം പറഞ്ഞു.

ലിഡാര്‍ സര്‍വ്വേ ഡാറ്റ ഉപയോഗിച്ച് കൃത്രിമമായി ഉണ്ടാക്കിയതാണ് റിപ്പോര്‍ട്ട് എന്ന് അദ്ദേഹം ആരോപിച്ചു.
നിര്‍ദ്ദിഷ്ട പാതയുടെ 30 ശതമാനവും വളവുകള്‍ നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. 200 ഇടത്ത് പാതയില്‍ കയറ്റിറക്കങ്ങളുണ്ട്. ഇത്തരം പാതയില്‍ ട്രെയിന്‍ ഓടിച്ചാല്‍ കോച്ചുകള്‍ ആടിയുലയും. നിര്‍ദ്ദിഷ്ട പാതയില്‍ 120 കിലോമീറ്റര്‍ സ്പീഡില്‍ കൂടുതല്‍ ഓടിക്കാന്‍ പറ്റില്ല. ഇത് സെമി ഹൈ സ്പീഡല്ല, അമ്യൂണ്‍സ്‌മെന്റ് പാര്‍ക്കിലെ റോളര്‍ കോസ്റ്റര്‍ റൈഡ് പോലെയാവും എന്നാണ് അലോക് വർമ്മ പറയുന്നത്.

പ്രളയ- ഭൂകമ്പ സാധ്യതകള്‍ പോലും പഠിക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ഒരു ലക്ഷം കോടി രൂപ വരെയാകാവുന്ന ഏറ്റവും ചിലവേറിയ പദ്ധതിയായിരിക്കും സില്‍വര്‍ ലൈനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles