Thursday, January 8, 2026

ഇടതുയൂണിയനുകൾക്കെതിരെ ആഞ്ഞടിച്ച് കെഎസ്ഇബി ചെയർമാൻ; വൈദ്യുത മന്ത്രിയെ പഴിചാരി മുൻ മന്ത്രി എംഎം മണി

തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെഎസ്ഇബിക്ക് കോടികളുടെ ബാധ്യതയുണ്ടാക്കിയെന്ന ചെയർമാൻ ഡോ ബി അശോകിന്റെ ആരോപണങ്ങളെ ന്യായീകരിക്കാൻ വൈദ്യുത മന്ത്രിയെ പഴിചാരി മുൻ മന്ത്രി എംഎം മണി(MM Mani). വൈദ്യുതി ബോർഡ് ചെയർമാൻ അശോകൻ അങ്ങനെ പറഞ്ഞത് എന്തടിസ്ഥാനത്തിലാണ്? മന്ത്രി അറിഞ്ഞാണോ അങ്ങനെ പറഞ്ഞത്? അതോ മന്ത്രിക്ക് പറയാനുള്ളത് പുള്ളിയെ കൊണ്ട് പറയിപ്പിച്ചതാണോയെന്നും സിപിഎം സംസ്ഥാന സമിതി അംഗം കൂടിയായ എംഎം മണി ചോദിച്ചു.

അതേസമയം മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ പ്രതികരണം നടത്താം. അല്ലാതെ പറഞ്ഞതിനെല്ലാം ഇപ്പോൾ മറുപടി പറയാനില്ല. താൻ മന്ത്രിയായിരിക്കെ വൈദ്യുതി ബോർഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രവർത്തനം നടത്തി. വൈദ്യുതി ഉൽപ്പാദനം ഉയർത്തി. ഇടത് മന്ത്രിമാരിൽ സാമാന്യം ഭേദപ്പെട്ട നിലയിൽ പ്രവർത്തിച്ചുവെന്നും, മന്ത്രി തുറന്നടിച്ചു.

അതേസമയം കെഎസ്ഇബി ചെയർമാനും ഇടതുയൂണിയനുകളും തമ്മിലുള്ള പോര് ആണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ചെയര്‍മാന്‍ ഡോ.ബി.അശോക് അധികാര ദുര്‍വിനിയോഗം നടത്തി കെഎസ്ഇബിക്ക് സാമ്പത്തിക ദുര്‍വ്യയമുണ്ടാക്കുന്നുവെന്നാരോപിച്ചാണ് ഇടതു യൂണിയനുകള്‍ അനിശ്ചിതകാല പ്രക്ഷോഭം നടത്തുന്നത്. എന്നാൽ ഇടതുയൂണിയനുകളാണ് അധികാര ദുർവിനിയോഗവും സാമ്പത്തിക ദുർവ്യയവും നടത്തിയതെന്ന് ചെയർമാൻ തുറന്നടിച്ചു.

കെഎസ്ഇബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം സമരക്കാർക്ക് മറുപടി നൽകിയത്. എം.എം.മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്താണ് ഇടതുയൂണിയനുകൾ അധികാര ദുർവിനിയോഗം നടത്തിയത്. ബോർഡിന് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിന് ഇടതു യൂണിയനുകൾ കൂട്ടുനിന്നു. സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാതെ 1200 കോടി അധിക ബാധ്യത വരുത്തുന്ന ശമ്പള പരിഷ്‌കരണം നടപ്പിലാക്കി. ഇതിപ്പോൾ ഏജിയുടെ വിശദീകരണം തേടലിൽ വരെ എത്തി നിൽക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. സംഘടനയുടെ നേതാവ് ഉപയോഗിക്കാൻ അർഹതയില്ലാത്ത ഔദ്യോഗികവാഹനം ആയിരക്കണക്കിന് കിലോമീറ്റർ ഉപയോഗിച്ച് ദുരുപയോഗം ചെയ്തു. ടൂറിസം വികസനത്തിന് പല സൊസൈറ്റികൾക്കും ബോർഡിന്റെ അനുമതിയോ സർക്കാർ അനുമതിയോ ഇല്ലാതെ നൂറ് കണക്കിന് സ്ഥലം പാട്ടത്തിന് നൽകി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Related Articles

Latest Articles