Friday, May 17, 2024
spot_img

ജനങ്ങളെ ഷോക്കടിപ്പിക്കാന്‍ ഒരുങ്ങി കെഎസ്ഇബി: വൈദ്യുതി ചാര്‍ജ്ജ് 6.8 ശതമാനം കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത നിരക്ക് കുത്തനെ കൂട്ടി. 6.8 ശതമാനമാണ് വർധന. പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് അഞ്ചുരൂപ കൂടും. ഗാര്‍ഹിക മേഖലയില്‍ യൂണിറ്റിന് 40 പൈസ വരെ വർധിപ്പിച്ചു. ഫിക്‌സഡ് ചാര്‍ജ്ജും സ്ലാബ് അടിസ്ഥാനത്തില്‍ കൂട്ടി. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

ഗാര്‍ഹിക ഉപയോക്താക്കളില്‍ ബി പി എല്‍ പട്ടികയിലുള്ളവരെ ചാർജ് വർധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കാന്‍സര്‍ രോഗികള്‍ക്കും ഗുരുതര അപകടങ്ങളില്‍ പെട്ട് കിടപ്പു രോഗികളായവര്‍ക്കും ഇളവുണ്ട്.

പ്രതിമാസം 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് അധിക നിരക്ക് ബാധകമല്ല. പക്ഷെ 50 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് 18 രൂപയുടെയും 75 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 35 രൂപയുടെയും 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് 42 രൂപയുടെ വർധനവുണ്ടാകും.
ഇങ്ങനെ പ്രതിമാസം 200 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർ ഇനി 97 രൂപ അധികം നൽകണം. പുതുക്കിയ നിരക്ക് പ്രകാരം കെഎസ്ഇബിക്ക് 902 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.

അതേസമയം, ഈ മാസം പതിനഞ്ചുവരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് കെഎസ്ഇബി ചെയർമാൻ എന്‍ എസ്. പിള്ള പറഞ്ഞു. അണക്കെട്ടുകളില്‍ ഇപ്പോള്‍ 432 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ജലമുണ്ട്. അടുത്തയാഴ്ച കാലവര്‍ഷം ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ പ്രവചനം. ഈ മാസം പതിനഞ്ചിന് വീണ്ടും യോഗംചേര്‍ന്ന് സ്ഥിതി പുനരവലോകനം ചെയ്യുമെന്നും കെഎസ്ഇബി ചെയർമാൻ പറഞ്ഞു.

Related Articles

Latest Articles