Monday, May 20, 2024
spot_img

സ്ത്രീസുരക്ഷയ്ക്ക് പ്രാമുഖ്യം നൽകി KSRTC; രാത്രിയാത്രയിൽ സ്ത്രീകൾ തനിച്ചാണെങ്കിൽ ബസ് അവർ പറയുന്നിടത്ത് നിർത്തും; മിന്നൽ സർവീസുകൾക്ക് ബാധകമാകില്ല

തിരുവനന്തപുരം : രാത്രിസമയത്ത് ബസുകളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന വനിതകളുടെ സുരക്ഷയ്ക്കും സൗകര്യത്തിനും പ്രാധാന്യം നൽകി നിര്‍ണായക തീരുമാനവുമായി കെ.എസ്.ആര്‍.ടി.സി. രംഗത്ത്. ഇനി മുതൽ രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെ കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് അല്ലെങ്കില്‍ സ്റ്റോപ്പുകളില്‍ അവരുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്ത് ബസ് നിര്‍ത്തിക്കൊടുക്കും.ഇത് സംബന്ധിച്ച് സി.എം.ഡിയുടെ ഉത്തരവ് പുറത്തിറങ്ങി. കെ.എസ്.ആര്‍.ടി.സിയുടെ മിന്നല്‍ ബസുകള്‍ ഒഴികെ ബാക്കി എല്ലാ തരം ബസുകള്‍ക്കും ഉത്തരവ് ബാധകയിരിക്കും.

സ്ത്രീകളുടെ സുരക്ഷ പരിഗണിച്ച് മിന്നല്‍ ഒഴികെ എല്ലാ സര്‍വീസുകളും രാത്രിയില്‍ സ്ത്രീയാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് നിര്‍ത്തിക്കൊടുക്കണമെന്ന് കഴിഞ്ഞ വർഷം ജനുവരിയില്‍ കെ.എസ്.ആര്‍.ടി.സി. സി.എം.ഡി. നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ നിർദേശം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യമാണ് പിന്നീടുണ്ടായത്. നിർദേശത്തെത്തുടർന്ന് സൂപ്പര്‍ ക്ലാസ് ബസുകള്‍ അടക്കം എല്ലായിടത്തും നിര്‍ത്തണം എന്ന ആവശ്യം വ്യാപകമായി ഉയർന്നു. ഇതോടെ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടും ബസ്സുകള്‍ വൈകാനും ആരംഭിച്ചു. ഇതോടെ ദീര്‍ഘദൂര യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ക്ലാസുകളെ ഉപേക്ഷിക്കുന്ന സാഹചര്യം ഉണ്ടായി. തുടർന്ന് ഈ സൗകര്യം സൂപ്പര്‍ ക്ലാസ് സര്‍വീസുകളില്‍ മാത്രം നിര്‍ത്തിയിരുന്നെന്നും കെ.എസ്.ആര്‍.ടി.സി. പത്രക്കുറിപ്പില്‍ അറിയിച്ചു.

എന്നാല്‍ രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഒറ്റയ്ക്ക് സ്ത്രീകളെ ഇറക്കിവിടുന്നത് ഒഴിവാക്കുന്നതിനുമായി ഗതാഗത വകുപ്പുമന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഇത്തരത്തില്‍ വീണ്ടും ഉത്തരവിറക്കിയത്.

Related Articles

Latest Articles