Wednesday, May 8, 2024
spot_img

സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ഞെട്ടിക്കുന്ന തോൽവി; അട്ടിമറി ജയവുമായി ശ്രീനിധി ഡെക്കാൻ

കോഴിക്കോട് : സൂപ്പര്‍ കപ്പിലെ രണ്ടാം മത്സരത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് ഞെട്ടിക്കുന്ന തോല്‍വി. ഐ ലീഗ് ക്ലബ്ബ് ശ്രീനിധി ഡെക്കാന്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. റില്‍വാന്‍ ഒളാന്‍ റ്യൂ ഹസന്‍, ക്യാപ്റ്റന്‍ ഡേവിഡ് കാസ്റ്റനെഡ എന്നിവരാണ് ശ്രീനിധിയ്ക്കായി വല കുലുക്കിയത്.

റൗണ്ട്ഗ്ലാാസ് പഞ്ചാബിനെതിരേ വിജയിച്ച ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ നിന്നും ഏഴ് മാറ്റങ്ങളുമായാണ് ഫ്രാങ്ക് ഡോവന്‍ ശ്രീനിധി എഫ്സിക്കെതിരേ ഇന്ന് ബ്ലാസ്റ്റേഴ്സ് ടീമിനെ ഇറക്കിയത്.

കഴിഞ്ഞ മത്സരത്തിൽ കളിച്ച ഡാനിഷ് ഫറൂഖി, സഹല്‍ അബ്ദുള്‍ സമദ്, ബിജോയ്, വിക്ടര്‍ മോംഗില്‍, സൗരവ് മണ്ഡല്‍, വിബിന്‍ മോഹന്‍, അപ്പോസ്തലോസ് ജിയാനു എന്നിവര്‍ക്ക് പകരം ഹോര്‍മിപാം, രാഹുല്‍ കെ.പി, ജീക്സണ്‍ സിങ്, ബിദ്യാസാഗര്‍ സിങ്, മാര്‍ക്കോ ലെസ്‌കോവിച്ച്, ഇവാന്‍ കലിയുഷ്നി, ബ്രൈസ് മിറാന്‍ഡ എന്നിവര്‍ ആദ്യ ഇലവനിലെത്തി.

17-ാം മിനിറ്റിലാണ് ശ്രീനിധി ആദ്യമായി വലകുലുക്കിയത്. കൊന്‍സം ഫാല്‍ഗുനി സിങ് നല്‍കിയ പാസ് സ്വീകരിച്ച് ഇടതുഭാഗത്ത് കൂടി മുന്നേറിയ ഹസന്‍ പന്ത് പോസ്റ്റിന്റെ വലത് മൂലയിലെത്തിച്ചു. വലതുവിങ്ങില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കുന്തമുനയായ രാഹുല്‍ കെ.പിയെ സൊറൈഷാം ദിനേഷ് സിങ് ഫലപ്രദമായി പ്രതിരോധിച്ചതോടെ ആദ്യ പകുതിയില്‍ വലതുവിങ്ങിലൂടെയുള്ള ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങളുടെ മുനയൊടിഞ്ഞു.

പിന്നാലെ 43-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചു കൊണ്ട് ശ്രീനിധി അവരുടെ രണ്ടാം ഗോളും നേടി . ഇടതുവിങ്ങിലൂടെ മുന്നേറി സൊറൈഷാം ദിനേഷ് സിങ് നല്‍കിയ ക്രോസ് ബ്ലാസ്റ്റേഴ്സ് ബോക്സില്‍ വെച്ച് കിടിലനൊരു വോളിയിലൂടെ ക്യാപ്റ്റന്‍ ഡേവിഡ് കാസ്റ്റനെഡ വലയിലെത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ മാര്‍ക്കോ ലെസ്‌കോവിച്ചിന് പകരം വിക്ടര്‍ മോംഗിലിനെയും ബിദ്യാസാഗര്‍ സിങ്ങിന് പകരം അപ്പോസ്തലോസ് ജിയാനുവിനെയും ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കിയെങ്കിലും ഗോൾ മാത്രം അകന്നു നിന്നു.

Related Articles

Latest Articles