Friday, March 29, 2024
spot_img

കോവിഡ് പ്രതിരോധം; ഞായറാഴ്ച യാത്രക്കാരുടെ ആവശ്യാനുസരണം സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിനായി നിയന്ത്രണങ്ങള്‍ കടുപ്പിച്ച പശ്ചാത്തലത്തില്‍ യാത്രക്കാരുടെ ആവശ്യാനുസരണം ഞായറാഴ്ച സര്‍വീസ് നടത്തുമെന്ന് അറിയിപ്പ് നൽകി കെഎസ്ആര്‍ടിസി.

ആശുപത്രികള്‍, റെയില്‍വേസ്റ്റേഷനുകള്‍, എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഞായറാഴ്ച കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുക. മാത്രമല്ല ഞായറാഴ്ച അവശ്യസര്‍വീസുകള്‍ മാത്രം സര്‍ക്കാര്‍ അനുവദിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.

കേരളത്തിൽ കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ഞായറാഴ്ചകളില്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാവുന്നതാണ്. സര്‍ക്കാര്‍ സ്വയംഭരണാധികാര സ്ഥാപനങ്ങള്‍ക്കും അന്ന് പ്രവര്‍ത്തിക്കാം.

മാത്രമല്ല കോവിഡുമായി ബന്ധപ്പെട്ട അടിയന്തിര പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയുണ്ട്. ഈ ഓഫീസുകളിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കില്‍ യാത്ര ചെയ്യാം.

കൂടാതെ ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുമായി യാത്ര ചെയ്യാം. രോഗികള്‍, കൂട്ടിരിപ്പുകാര്‍, വാക്‌സിനെടുക്കാന്‍ പോകുന്നവര്‍, അടിയന്തിരാവശ്യങ്ങള്‍ക്കായി പോകുന്നവര്‍ എന്നിവര്‍ക്കൊക്കെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.

ഭക്ഷണം, പലചരക്ക്, പച്ചക്കറി, പഴവര്‍ഗങ്ങള്‍, പാല്‍, പാല്‍ ഉത്പന്നങ്ങള്‍, കള്ള്, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 9 വരെ തുറന്നുപ്രവര്‍ത്തിക്കാം.

കഴിയുമെങ്കില്‍ ഹോം ഡെലിവറി നടത്തണം. റെസ്റ്റോറന്റുകളും ബേക്കറികളും രാവിലെ 7 മുതല്‍ രാത്രി 9 വരെ ടേക്ക്-എവേ, ഹോം ഡെലിവറി സേവനങ്ങള്‍ ഉപയോഗിക്കണം.

അതേസമയം വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 20 പേര്‍ക്ക് അനുമതി സർക്കാർ നൽകിയിട്ടുണ്ട്. ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളുടെയും കൊറിയര്‍ സര്‍വീസിന്റെയും ഹോം ഡെലിവറി രാവിലെ 7 മുതല്‍ രാത്രി 9 വരെ.

ഞായറാഴ്ചത്തേക്ക് മുന്‍കൂട്ടി ബുക്ക് ചെയ്ത ടൂര്‍ പരിപാടികള്‍, അവര്‍ക്ക് യാത്ര ചെയ്യാനും ഹോട്ടലുകളില്‍ താമസിക്കാനും അനുമതിയുണ്ട്. വാണിജ്യ, വീട്ടാവശ്യങ്ങള്‍ക്കുള്ള ഗ്യാസ് സിലിണ്ടറുകളുടെ നീക്കുപോക്ക് അനുവദിക്കും.

Related Articles

Latest Articles