Monday, May 20, 2024
spot_img

തത്വമയി ന്യൂസ് ബിഗ് ഇമ്പാക്ട്: ലക്ഷങ്ങൾ വാടകയുള്ള താത്കാലിക വെയ്റ്റിംഗ് ഷെഡ് പൊളിച്ചുമാറ്റി

തിരുവനന്തപുരം: തമ്പാനൂർ കെഎസ്ആർടിസി സ്റ്റാന്‍റിനുമുന്നിൽ സ്ഥാപിച്ച താല്‍കാലിക വെയ്റ്റിംഗ് ഷെഡിന്‍റെ മറവിൽ നടക്കുന്ന തീവെട്ടികൊള്ള ഏറ്റവുമാദ്യം റിപ്പോർട്ട് ചെയ്തത് തത്വമയി ന്യൂസ് ആണ്. വെറും എട്ട് കമ്പികള്‍ക്കുമുകളില്‍ ഷീറ്റ് വലിച്ചുകെട്ടിയ ഈ പന്തലിന്‍റെ രണ്ട് മാസത്തേക്കുള്ള വാടക വെറും ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപയായിരുന്നു. തത്വമയി ന്യൂസ് ഈ വാർത്ത നൽകിയതിന് തൊട്ടുപിന്നാലെ ഈ ടെന്‍റ് പൊളിച്ചുനീക്കി.

കെഎസ്ആർടിസിയില്‍ നടക്കുന്ന അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഏറ്റവും ഒടുവിലെ ഉദാഹരണമായിരുന്നു ഈ തല്‍കാലിക വെയിറ്റിങ് ഷെഡ്. യാത്രക്കാർക്ക് വെയിൽ കൊള്ളാതിരിക്കാൻ വേണ്ടിയാണ് തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുന്നിൽ താത്കാലിക വെയിറ്റിങ് ഷെഡ് ആയി ഈ ഷാമീയാന വലിച്ചു കെട്ടിയത്.

വാടകക്കെടുത്താണ് ഇത് ഇവിടെ സ്ഥാപിച്ചത്. 38,000 രൂപ വില വരുന്ന ഈ ഷാമീയാന കെട്ടിയതിന് വാടക ഇനത്തിൽ കെ എസ്ആര്ടിസി രണ്ട് മാസത്തേക്ക് 1,90,000 രൂപ ചെലവാക്കി എന്നതിലാണ് ഇവിടെ അഴിമതി മണക്കുന്നത്.

ഞങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയപ്പോൾ സിപിഎമ്മിന്‍റെ ലോക്കൽ സെക്രട്ടറി മുരുകൻ പറഞ്ഞ കാര്യങ്ങളും അഴിമതി നടന്നതിന് തെളിവാണ്. മുരുകൻ നൽകിയ വിവരം അനുസരിച്ച് 2500 രൂപയോളമാണ് കെഎസ്ആർടിസി ഇതിനായി ഒരു ദിവസം മുടക്കിയത്.

മുരുകൻ പറയുന്ന കണക്ക് പ്രകാരമാണെങ്കിൽ പോലും ഒരുമാസം 75000 രൂപയാണ് ഈ ഷാമീയാനക്കുവേണ്ടി കെഎസ്ആർടിസി ചിലവഴിച്ചത്. കേവലം 38000 രൂപ വിലവരുന്ന പന്തലിനായി രണ്ട് മാസത്തേക്ക് 150000 രൂപ ചിലവഴിചെങ്കിൽ അതിൽ അഴിമതി നടന്നിട്ടുണ്ടെന്നു തന്നെ അനുമാനിക്കാം.

തമ്പാനൂരുള്ള ഒരു സിഐടിയു നേതാവാണ് ഈ ഷാമീയാന വാടകയ്ക്ക് നൽകിയതെന്നാണ് വിവരം. സൗജന്യമായി ഇവിടെ വെയിറ്റിങ് ഷെഡ് നിർമ്മിച്ചുനൽകാൻ പലരും മുന്നോട്ടുവന്നതാണ്. കെഎസ്ആർടിസി ബസിൽ പരസ്യം പതിക്കാൻ കരാറെടുത്ത കമ്പനിയും ഷെഡ്ഡ് സൗജന്യമായി നിര്മിച്ചുനൽകാൻ തയ്യാറായിരുന്നു . എന്നാൽ സ്ഥിരമായി കാത്തുനിൽപ്പുകേന്ദ്രം സൗജന്യമായി നിർമ്മിച്ചുനൽകാൻ തയ്യാറായവരെയെല്ലാം തഴഞ്ഞുകൊണ്ടാണ് സിഐടിയു നേതാവില്നിന്ന് ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപക്ക് താത്കാലിക വെയ്റ്റിംഗ് ഷെഡ് വാടകക്ക് എടുത്തത്.

തിരുവനന്തപുരം സെൻട്രൽ സൗത്ത് സോണിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ഈ ബിൽ പാസാക്കി ഫണ്ടിനായി ഹെഡ് ഓഫീസിലേക്ക് നൽക്കുകയും ചെയ്തു.

നിലവിലുള്ള കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശബളവും മുന്‍ ജീവനക്കാര്‍ക്ക് പെന്‍ഷനും കൊടുക്കാന്‍ പണമില്ലാതെ നട്ടം തിരിയുമ്പോൾ തന്നെയാണ് ലക്ഷങ്ങൾ മുടക്കി കെഎസ്ആർടിസിയുടെ ഈ ധൂർത്ത്. എന്നാൽ കെഎസ്ആർടിസിയിലെ ഈ തീവെട്ടി കൊള്ള ഉത്തരവാദിത്വപ്പെട്ടവർ കണ്ടില്ലെന്ന് നടിച്ചു.

ഇതോടെയാണ് തത്വമയി ന്യൂസ് വിഷയത്തിൽ ഇടപെട്ടത്. ഞങ്ങളുടെ വാർത്ത പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ ലക്ഷങ്ങൾ വാടകയുള്ള ആ ഷാമീയാന വെയ്റ്റിംഗ് ഷെഡ് പൊളിച്ചുമാറ്റി. സമൂഹമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതോടെ വൻ പ്രതിഷേധമാണ് ഈ തീവെട്ടിക്കൊള്ളക്കെതിരെ നടക്കുന്നത്.

ഷാമീയാന വെയ്റ്റിംഗ് ഷെഡ് പൊളിച്ചെങ്കിലും ഇത് സ്ഥാപിച്ചതിൽ നടന്ന അഴിമതി ഇല്ലാതാകുന്നില്ല. രണ്ടര മാസത്തോളം ഈ ഷെഡ് കഴുത്തറപ്പൻ വാടക വാങ്ങി ഇവിടെ വച്ചതിലെ അഴിമതികൾ വൈകാതെ തന്നെ പുറത്തുവരും.

Related Articles

Latest Articles