Thursday, December 25, 2025

വിശ്വാസം വ്യക്തിപരമായ കാര്യമാണ്; ഗുരുവായൂരിൽ പോയത് സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് ആചാരങ്ങൾ പാലിച്ച്; പാർട്ടിയുടെ തിരുത്തൽ രേഖ ലംഘിച്ച് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയ കെ യു ജിനീഷ് കുമാറിന്റെ വിശദീകരണം ശ്രദ്ധേയമാകുന്നു

കോന്നി: തന്റെ ഗുരുവായൂർ സന്ദർശനത്തിൽ വിശദീകരണവുമായി കോന്നി എം എൽ എ കെ യു ജെനീഷ് കുമാർ. സന്ദർശനം സുഹൃത്തിന്റെ ക്ഷണപ്രകാരം ഒരു ചടങ്ങിൽ പങ്കെടുക്കാനായിരുന്നു. ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും പാലിച്ചു തന്നെയാണ് സന്ദർശനം നടത്തിയത്. ഫോട്ടോ എടുത്തതും സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തതും ഭാര്യയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ഷേത്ര ദർശനം വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നോ എന്നത് വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ചിലയാളുകൾ ബോധപൂർവ്വം വിവാദങ്ങളുണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ പാർട്ടി തിരുത്തൽ രേഖ ലംഘിച്ച് ജനീഷ്‌കുമാറിന്റെ ക്ഷേത്രദർശനവും വിശദീകരണവും ഇതോടെ ഒരുപോലെ ശ്രദ്ധേയമാകുകയാണ്. സാധാരണ കമ്മ്യൂണിസ്റ്റ് നേതാക്കൾ ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ പാർട്ടി വിശദീകരണം ചോദിക്കാറുണ്ട്. കടകം പള്ളി സുരേന്ദ്രന്റെയും മറ്റും ക്ഷേത്ര ദർശനങ്ങൾ ഇത്തരത്തിൽ വിവാദമായിരുന്നു.

മേൽമുണ്ട് ധരിച്ചും കുറിയണിഞ്ഞുമുള്ള എംഎ‍ൽഎയുടെ ചിത്രം പുറത്തുവന്നിരുന്നു. പാർട്ടി ഭാരവാഹികളും പ്രധാന നേതാക്കളും വിശ്വാസവും ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നാണ് കേന്ദ്രകമ്മിറ്റിയുടെ തിരുത്തൽ രേഖ പറയുന്നത്. തിരുത്തൽ രേഖ പാർട്ടി നേതാക്കളും അംഗങ്ങളും അംഗീകരിക്കുകയും അതേസമയം, എംഎ‍ൽഎ. ഭക്തിമാർഗത്തിൽ സഞ്ചരിക്കുന്നു എന്നതായിരുന്നു ജനീഷ്‌കുമാറിനെതിരായ വിമർശനം. നേരത്തേ, ഇ.പി. ജയരാജനും കടകംപള്ളി സുരേന്ദ്രനും കോടിയേരി ബാലകൃഷ്ണന്റെ കുടുംബവും ക്ഷേത്ര ദർശനം നടത്തിയത് വിവാദമായിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനം നഷ്ടമായ ശേഷമായിരുന്നു കണ്ണൂരിലെ ക്ഷേത്രത്തിൽ ഇ പി ദർശനം നടത്തിയത്. ജനീഷ്‌കുമാർ എംഎ‍ൽഎയുടെ ഭാര്യ അനുമോൾ ഫേസ്‌ബുക്കിൽ സ്റ്റോറിയായി പങ്കുവെച്ച ചിത്രമാണ് വിമർശനത്തിന് വിധേയമായത്.

Related Articles

Latest Articles