Monday, April 29, 2024
spot_img

കുംഭമാസ പൂജ; ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട നാളെ തുറക്കും; ഭക്തർക്ക് വൈകുന്നേരം 5 മണി മുതൽ ദർശനം

പത്തനംതിട്ട: കുംഭമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട നാളെ തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷ് നമ്പുതിരി വൈകിട്ട് 5ന് നട തുറന്ന് ദീപങ്ങൾ തെളിക്കും. ശേഷം  ഗണപതി, നാഗർ എന്നീ ഉപദേവതാ ക്ഷേത്ര നടകളും  മേൽശാന്തി തുറന്ന് വിളക്കുകൾ തെളിക്കും.

പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിൽ മേൽശാന്തി അഗ്നി പകർന്നു കഴിഞ്ഞാൽ ഭക്തർക്ക് പതിനെട്ടു പടികൾ കയറി ദർശനം നടത്താം. ശ്രീകോവിലിനുമുന്നിലായി നിൽക്കുന്ന അയ്യപ്പഭക്തർക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് വിഭൂതി പ്രസാദം വിതരണം ചെയ്യും. മാളികപ്പുറം മേൽശാന്തി മുരളി നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നട തുറന്ന് ദീപങ്ങൾ തെളിക്കും. നട തുറക്കുന്ന  ദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെ രണ്ടിടങ്ങളിലും ഉണ്ടാവില്ല. രാത്രി 10 മണിക്ക് തിരുനട അടയ്ക്കും. കുംഭം ഒന്നായ 14 ന് പുലർച്ചെ 5 മണിക്ക് തിരുനട തുറക്കും. 14 മുതൽ 18 വരെ എല്ലാ ദിവസവും ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം, അഷ്ടാഭിഷേകം എന്നിവ ഉണ്ട്. 18 ന് രാത്രി കുംഭമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട അടയ്ക്കും.

നട തുറക്കുന്ന 13ന് 30,000 പേർക്കും മറ്റ് ദിവസങ്ങളിൽ 50,000 പേർക്കുമാണ് വെർച്വൽ ക്യു വഴി ദർശനം. മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയാത്തവർക്കു നിലയ്ക്കലിൽ സ്പോട് ബുക്കിങ് സൗകര്യവും ഉണ്ട്. തീർഥാടകരുടെ വാഹനങ്ങൾ നിലയ്ക്കലിലാണ് പാർക്ക് ചെയ്യേണ്ടത്. പമ്പയിൽ പാർക്കിങ് ഇല്ല.

പമ്പ–നിലയ്ക്കൽ റൂട്ടിൽ കെഎസ്ആർടിസി ചെയിൻ സർവീസ് നടത്തും. തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, കുമളി ഡിപ്പോകളിൽനിന്നു സ്പെഷൽ സർവീസ് ഉണ്ടാകും.

Related Articles

Latest Articles