തിരുവനന്തപുരം: വാറ്റുകാരന്‍റെ പറ്റുബുക്കില്‍ എന്‍റെ പേര് ഉണ്ടായിട്ടില്ല എന്ന് മാത്രമാണ് താന്‍ നേരത്തെ പറഞ്ഞതെന്നും അല്ലാതെ താങ്കളുടെ പേര് ഉണ്ടെന്നല്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ മറുപടി. തന്‍റെ പോസ്റ്റ് കണ്ടപ്പോഴേക്കും കോഴിക്കള്ളന്‍റെ തലയില്‍ പൂടയുണ്ടാകുമെന്ന ന്യായപ്രകാരം അങ്ങ് തലയില്‍ തപ്പി നോക്കിയതിന് താനല്ല കുറ്റക്കാരന്‍. അത് കുറ്റബോധം കൊണ്ടാകാനേ തരമുള്ളൂവെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
തന്‍റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അങ്ങ് ഇപ്പോഴും കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണല്ലോ? താന്‍ മത്സരിക്കാന്‍ ഇല്ലായെന്ന് പാര്‍ട്ടിയെ അറിയിച്ചത് പ്രകാരമാണ് എന്നെ ഒഴിവാക്കിയത്. മത്സരിച്ച് അധികാരത്തിലെത്താന്‍ കുപ്പായം തയ്പ്പിച്ച് രാഷ്ട്രീയത്തില്‍ വന്നതല്ല താനെന്നും കുമ്മനം രാജേശഖരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

