തിരുവനന്തപുരം : കഴിഞ്ഞ ആറുമാസമായി സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും സര്‍ക്കാര്‍ കരാറുകാര്‍ക്കും ഇന്ധനം നല്‍കിയ വകയിലുള്ള കുടിശ്ശിക ലഭിക്കാത്തതിനെത്തുടർന്ന്അടുത്തമാസം മുതൽ ഇവർക്ക് ഇന്ധനം നൽകില്ലെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് വ്യക്തമാക്കി. ആറുമാസമായി ഇന്ധനം അടിച്ചതിന്റെ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് കടുത്ത നടപടികളിലേക്ക് പമ്പുടമകള്‍ നീങ്ങുന്നത്. ഓരോ പമ്പിലും അഞ്ചുലക്ഷം രൂപമുതല്‍ 25 ലക്ഷം രൂപവരെ കിട്ടാനുണ്ടെന്നാണ് ഉടമകളുടെ ആരോപണം. സര്‍ക്കാര്‍ കരാറുകാര്‍ക്ക് ഇന്ധനം നല്‍കിയ വകയിലും കോടികള്‍ കുടിശ്ശികയുണ്ടെന്നും പമ്പ് ഉടമകൾ പറയുന്നു.
പമ്പുടമകളുടെ കുടിശ്ശിക തീര്‍ക്കുകയോ അത് എന്നുതീര്‍ക്കുമെന്ന ഉറപ്പ് നല്‍കുകയോ ചെയ്തില്ലെങ്കിൽ സർക്കാർ വകുപ്പുകൾ നിശ്ചലമാകും. സർക്കാർ നടപടി വൈകിയാൽ ഇന്ധന ചെലവിനായി സ്വയം ഫണ്ട് കണ്ടെത്താന്‍ വകുപ്പുകള്‍ നിര്‍ബന്ധിതരാകും.
സാധാരണ ഗതിയില്‍ 15 ദിവസം മുതല്‍ 30 ദിവസംവരെ ഇന്ധനം നിറച്ചതിന്റെ പണം അടയ്ക്കാന്‍ സാവകാശം നല്‍കാറുണ്ട്. എന്നാല്‍, കുടിശ്ശിക മാസങ്ങളായി വരുന്നത് പെട്രോള്‍ പമ്പ് ഡീലര്‍മാര്‍ക്ക് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. അതേസമയം പോലീസ് വാഹനങ്ങളെ നിലവില്‍ ബഹിഷ്‌കരണം ബാധിക്കില്ല. പല പമ്പുടമകളും അവശ്യസേവനമെന്ന നിലയില്‍ കഴിയുന്നത് പോലെ പോലീസ് വാഹനങ്ങളിൽ ഇന്ധനം നിറച്ച് നല്‍കാറുണ്ടെന്നും പെട്രോളിയം ഡീലര്‍മാര്‍ പറയുന്നു.

