Thursday, October 8, 2026

ഗവർണർക്കെതിരായ അതിക്രമം!എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി

തിരുവനന്തപുരം : തലസ്ഥാനത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്ന അതിക്രമത്തിൽ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തി. നേരത്തെ സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ നിസ്സാര വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇതില്‍ ഗവര്‍ണര്‍ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ദില്ലിയിൽ മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കവേ ഐപിസി 124 വകുപ്പ് ചുമത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.ഇത് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും കത്തയച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിനിടെ ഗവര്‍ണര്‍ക്കൊപ്പം ഇന്നലെ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. രാജ്ഭവനിലെത്തിയാണ് മൊഴിയെടുത്തത്.

ദില്ലിയിലേക്ക് പോകുന്നതിനായി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു തിരുവനന്തപുരത്ത് മൂന്നിടത്ത് വച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. ഗവർണറുടെ കാറിന്റെ ചില്ലിൽ പ്രവർത്തകർ ആഞ്ഞിടിച്ചതോടെ ഗവർണർ പുറത്തിറങ്ങി. തന്നെ കയ്യേറ്റം ചെയ്യാനുള്ള അവസരം മുഖ്യമന്ത്രി ഒരുക്കി നൽകിയെന്നു ഗവർണർ തുറന്നടിച്ചു. സംഭവത്തിൽ ഉണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഗവർണർ പുറത്തിറങ്ങിയോടെ എസ്എഫ്ഐ പ്രവർത്തകർ ഓടി ഒളിച്ചു. അതിക്രമം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ഇതാണോ എനിക്കായി ഒരുക്കുന്ന സുരക്ഷയെന്നും അദ്ദേഹം തുറന്നടിച്ചു.

Related Articles

Latest Articles