തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊട്ടിയാഘോഷിച്ച അർധഅതിവേഗ തീവണ്ടിപ്പാതയായ സിൽവർലൈൻ പദ്ധതിക്കുള്ള സ്ഥലമേറ്റടുക്കൽ വിജ്ഞാപനം റദ്ദായി. പദ്ധതിക്ക് കേന്ദ്രം അനുമതി നിഷേധിക്കുകയും പിന്നാലെ സംസ്ഥാന സർക്കാർ സിൽവർ ലൈനിന് ബദലായി റീജണൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർണമായും റദ്ദായതോടെ ഭൂ ഉടമകൾക്ക് ഇനി മഞ്ഞക്കുറ്റികൾ നീക്കാം.
സിൽവർലൈൻ ഉപേക്ഷിച്ച് സംസ്ഥാന സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും പദ്ധതിക്കായി നടത്തിയ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർണമായും റദ്ദായി. സ്ഥലമേറ്റെടുക്കലിലേക്ക് കടന്നിരുന്നില്ലെന്നാണ് കെ-റെയിലിന്റെയും ഔദ്യോഗിക വിശദീകരണം. സാമൂഹിക ആഘാതപഠനം നടത്താൻ അതിർത്തി നിശ്ചയിക്കാനാണ് മഞ്ഞക്കുറ്റികൾ നാട്ടിയത്. 2022-ലെ അതിർത്തിനിർണയവും അതിർത്തിനിശ്ചയിക്കലും ഇതോടെ അസാധുവായി. സിൽവർലൈൻ യാഥാർഥ്യമാകണമെങ്കിൽ വിശദപദ്ധതിരേഖ ഒഴികെയുള്ളവ വീണ്ടും ചെയ്യേണ്ടിവരും. കേന്ദ്രം എതിർക്കുന്ന പശ്ചാത്തലത്തിൽ അതിന് സാധ്യതയില്ല.
അതേസമയം പുതിയ പദ്ധതിക്ക് സിൽവർലൈനിന്റെ അലൈൻമെന്റും പരിഗണനയിലുണ്ട്. ഉയരപ്പാതയിൽ നിർദേശിച്ച റാപ്പിഡ് റെയിലിന് സിൽവർലൈൻ പോലെ സ്ഥലം വേണ്ടിവരില്ല. പാതയ്ക്ക് ഇരുവശത്തും ബഫർ സോണും കുറവായിരിക്കും.

