ലാഹോർ : പാകിസ്ഥാനിലെ ഖൈബർ പഖ്തുൺഖ്വ പ്രവിശ്യയിൽ ലഷ്കർ കമാൻഡർ ഷെയ്ഖ് യൂസഫ് അഫ്രീദി അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയായ അഫ്രീദിയെ ലക്ഷ്യമിട്ട് അജ്ഞാതർ നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ അയാൾ മരണപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ലഷ്കർ-ഇ-തൊയ്ബയുടെ ഖൈബർ പഖ്തുൺഖ്വ മേഖലയിലെ പ്രവർത്തനങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്ന വ്യക്തിയായിരുന്നു അഫ്രീദി. സംഭവം ആസൂത്രിതമായ കൊലപാതകമായാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. സമീപകാലത്തായി പാക്കിസ്ഥാനിൽ ഭീകരർക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്. കഴിഞ്ഞ മാസം ലാഹോറിലെ ഒരു ടിവി സ്റ്റേഷന് പുറത്തുവെച്ച് ലഷ്കർ-ഇ-തൊയ്ബയുടെ സ്ഥാപക അംഗമായ അമീർ ഹംസയ്ക്ക് നേരെയും സമാനമായ ആക്രമണം നടന്നിരുന്നു. സംഭവത്തിൽ അറുപത്തിയേഴ് വയസ്സുകാരനായ അമീർ ഹംസ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
ഇതിനുമുമ്പ്, ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസറിന്റെ മൂത്ത സഹോദരൻ മുഹമ്മദ് താഹിർ അൻവറും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു. ജെയ്‌ഷെ മുഹമ്മദിന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന വ്യക്തിയായിരുന്നു ഇയാൾ. കഴിഞ്ഞ വർഷം മാർച്ചിൽ, 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ വിശ്വസ്തനും ലഷ്കർ-ഇ-തൊയ്ബയുടെ മുൻനിര ഭീകരനുമായ അബു ഖത്താൽ എന്നറിയപ്പെടുന്ന ഖത്താൽ സിന്ധിയും പാക്കിസ്ഥാനിലെ ജെലം സിന്ധിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. 2024-ൽ ജമ്മു കശ്മീരിലെ റിയാസിയിൽ ഒൻപത് പേരുടെ മരണത്തിനും മുപ്പത്തിമൂന്ന് പേർക്ക് പരിക്കേൽക്കാനും കാരണമായ ആക്രമണത്തിന്റെ സൂത്രധാരൻ ഇയാളാണെന്നാണ് ആരോപിക്കപ്പെടുന്നത്.
2023 മുതൽ പാക്കിസ്ഥാനിൽ ഇത്തരം ആക്രമണങ്ങൾ തുടരുകയാണ്. ഏഴ് മാസത്തിനുള്ളിൽ ഏഴ് ഭീകരരെയാണ് അന്ന് വധിച്ചത്. 2026-ൽ മാത്രം ലഷ്കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ സംഘടനകളുമായി ബന്ധമുള്ള മുപ്പതിലധികം ഭീകരരെയാണ് ലാഹോർ, കറാച്ചി തുടങ്ങിയ നഗരങ്ങളിൽ വെച്ച് അജ്ഞാതർ വധിച്ചത്.

