Sunday, June 16, 2024
spot_img

സൂപ്പർ ആക്ഷനുമായി പുനീതിന്റെ ‘ജെയിംസ്’; പുനീതിന്റെ അവസാന ചിത്രം ‘ജെയിംസ്’ ടീസർ തരംഗമാകുന്നു

അകാലത്തിൽ പൊലിഞ്ഞ കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം ‘ജെയിംസി’ന്റെ ടീസർ പുറത്തുവിട്ടു. ചേതൻ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടന്റെ പിറന്നാൾ ദിനമായ മാർച്ച് 17നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സൈനികനായി പുനീത് എത്തുന്ന സിനിമ ആക്ഷന് പ്രാധാന്യം നല്‍കി ചെയ്ത മാസ് എന്റർടെയ്നറാണ്.

അതേസമയം സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കുന്നതിനു മുൻപായിരുന്നു താരത്തിന്റെ വിയോ​ഗം. അതിനാൽ പുനീതിന്റെ സഹോദരനും നടനുമായ ശിവരാജ് കുമാറാണ് ബാക്കി വന്ന ഭാ​ഗങ്ങൾക്ക് ശബ്ദം നൽകിയത്. പവർ സ്റ്റാറിന്റെ മാസ് ആക്ഷൻ നിറഞ്ഞ ടീസര്‌‍ സോഷ്യൽ മീഡിയയിൽ തരം​ഗമാവുകയാണ്.

ഒരു പാട്ടും ആക്ഷന്‍ സീക്വന്‍സും ഒഴികെയുള്ള പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ച ശേഷമായിരുന്നു പുനീത് വിടപറഞ്ഞത്. പ്രിയ ആനന്ദ്, അനു പ്രഭാകർ, ശ്രീകാന്ത്, ശരത് കുമാർ, മുകേഷ് റിഷി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ടീസർ പുറത്തിറങ്ങി രണ്ട് മണിക്കൂറിൽ നാല് ലക്ഷത്തിൽ അധികം പേരാണ് കണ്ടിരിക്കുന്നത്.

പുനീത് മരിച്ചതിന് ശേഷം തിയറ്ററിൽ എത്തുന്ന സിനിമയ്ക്ക് വലിയ സ്വീകരണം നൽകാനാണ് ആരാധകരും കന്നഡ സിനിമാലോകവും ഒരുങ്ങുന്നത്. ഇതേതുടർന്ന് ചിത്രത്തിന്റെ റിലീസ് ദിവസം മുതൽ ഒരാഴ്ചത്തേക്ക് മറ്റ് ചിത്രങ്ങൾ പ്രദർശിപ്പിക്കില്ലെന്ന് കന്നഡ സിനിമാപ്രവര്‍ത്തകര്‍ പറഞ്ഞുവെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. മാർച്ച് 17 മുതൽ 23 വരെ ജയിംസ് സോളോ റിലീസായി തിയറ്ററിലുണ്ടാകും. കഴിഞ്ഞ ഒക്റ്റോബറിലാണ് പുനീത് ഹൃദയാഘാതത്തെ തുടർന്ന് വിടപറയുന്നത്. ജിമ്മില്‍ വര്‍ക്കൗട്ട് തുടരുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നു.

Related Articles

Latest Articles