Tuesday, September 22, 2026

രാജ്യത്ത് കോവിഡ് ആശങ്ക ഒഴിയുന്നു; 10,853 പേർക്ക് മാത്രം രോഗം; 108 കോടി പിന്നിട്ട് വാക്‌സിനേഷൻ

ദില്ലി: രാജ്യത്ത് കോവിഡ് (Covid Updates In India) ആശങ്ക ഒഴിയുന്നു. പ്രതിദിന രോഗികളുടെ എണ്ണത്തിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,853 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
260 ദിവസത്തിനുശേഷമാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. കോവിഡ് മൂലം 526 പേരാണ് രാജ്യത്ത് മരണത്തിന് കീഴടങ്ങിയത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 4,60,791 ആയി.

അതേസമയം 12,432 പേർ രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ രോഗമുക്തി നേടിയവരുടെ എണ്ണം 3,37,49,900 ആയി. 98.23 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്തിതുവരെ 1,08,21,66,365 പേർ കോവിഡ് വാക്‌സിൻ സ്വകരിച്ചതായും മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ഒരു മാസമായി ഇരുപതിനായിരത്തിൽ താഴെയാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം. ഇന്നലെ 10,929 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണം കുറയുകയാണ്. സംസ്ഥാനത്ത് ഇന്നലെ 6546 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1037, തിരുവനന്തപുരം 888, കൊല്ലം 774, കോഴിക്കോട് 754, തൃശൂര്‍ 724, കോട്ടയം 508, കണ്ണൂര്‍ 394, പാലക്കാട് 343, പത്തനംതിട്ട 267, വയനാട് 220, മലപ്പുറം 215, ഇടുക്കി 181, ആലപ്പുഴ 142, കാസര്‍ഗോഡ് 99 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്.

Related Articles

Latest Articles