ദില്ലി : വിവരശേഖരണത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി സ്വകാര്യ അന്വേഷകരെയും (പ്രൈവറ്റ് ഡിറ്റക്ടീവ്) ഏജൻസികളെയും ആശ്രയിക്കുന്ന പ്രവണത രാജ്യത്ത് കൂടിവരുന്ന സാഹചര്യത്തിൽ, ഇവരെ നിയന്ത്രിക്കാനും ഉത്തരവാദിത്വം ഉറപ്പാക്കാനും ശക്തമായ നിയമസംവിധാനങ്ങൾ അത്യാവശ്യമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കണമെന്ന് കോടതി കേന്ദ്ര നിയമമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് സഞ്ജയ് കരോൾ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ സുപ്രധാന നിരീക്ഷണം.
വേർപിരിഞ്ഞു കഴിയുന്ന ഭാര്യക്ക് വിവാഹേതര ബന്ധമുള്ളതിനാൽ ജീവനാംശം നൽകാനാവില്ലെന്ന ഭർത്താവിന്റെ ഹർജിയുമായി ബന്ധപ്പെട്ട വിധിയുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ ഈ ഇടപെടൽ. ഭാര്യയുടെ വിവാഹേതര ബന്ധം തെളിയിക്കുന്നതിനായി ഭർത്താവ് കോടതിയിൽ 92 വീഡിയോകളും 237 ഫോട്ടോകളുമാണ് ഹാജരാക്കിയത്. ഇത്രയധികം തെളിവുകൾ ശേഖരിക്കാൻ ഭർത്താവ് സ്വകാര്യ അന്വേഷകരുടെ സഹായം തേടിയിട്ടുണ്ടാകാമെന്ന് സംശയിച്ച കോടതി, ഇത്തരം തെളിവ് ശേഖരണരീതികൾ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നതായി വ്യക്തമാക്കി.
ആരാണ് ഈ ചിത്രങ്ങളെല്ലാം എടുത്തത്?
ചിത്രങ്ങൾ പകർത്താൻ ആരാണ് അനുമതി നൽകിയത്?
ഇത്തരം ദൃശ്യങ്ങളും രേഖകളും സൂക്ഷിക്കുന്നതിനുള്ള സുരക്ഷാ നടപടികൾ എന്തായിരുന്നു?
ശേഖരിച്ച വിവരങ്ങൾ യഥാർത്ഥ ചിത്രങ്ങളോ അതോ കൃത്രിമമായി സൃഷ്ടിച്ചതാണോ?
തുടങ്ങിയ സുപ്രധാന വിഷയങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും, അതിനാൽ ഇത്തരം തെളിവ് ശേഖരണങ്ങൾ കർശനമായി നിയന്ത്രിക്കാൻ എന്തെങ്കിലും സംവിധാനം വേണമെന്നും കോടതി വിലയിരുത്തി.
സ്വകാര്യ ഡിറ്റക്ടീവുകളുടെ പ്രവർത്തനങ്ങളിൽ പരാതിയുള്ള വ്യക്തികൾക്ക് പരിഹാരം തേടാൻ പ്രത്യേക സംവിധാനം അനിവാര്യമാണ്.
2007-ൽ രാജ്യസഭയിൽ സ്വകാര്യ ഡിറ്റക്ടീവ് ഏജൻസി നിയന്ത്രണ ബിൽ അവതരിപ്പിച്ചിരുന്ന കാര്യം സുപ്രീംകോടതി പ്രത്യേകം ഓർമ്മിപ്പിച്ചു. ഇത്തരം ഏജൻസികളുടെ ലൈസൻസിങ്, രേഖകൾ സൂക്ഷിക്കൽ, ഏതൊക്കെ മേഖലകളിൽ അന്വേഷണം നടത്താൻ പാടില്ല തുടങ്ങിയ മാർഗ്ഗനിർദ്ദേശങ്ങൾ ആ ബില്ലിലുണ്ടായിരുന്നു.
ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഭർത്താവ് ആരോപിച്ചാൽ, അത് പൂർണ്ണമായി തീർപ്പാക്കിയ ശേഷമേ ജീവനാംശം അനുവദിക്കാവൂ എന്ന് വ്യക്തമാക്കിയ വിധിന്യായത്തിന്റെ പകർപ്പ് കേന്ദ്ര നിയമമന്ത്രാലയ സെക്രട്ടറിക്ക് അയച്ചുകൊടുക്കാനും കോടതി നിർദ്ദേശം നൽകി.

