Monday, May 20, 2024
spot_img

ചാത്തന്നൂരിൽ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി ഇടതു യൂണിയനുകള്‍: മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പുല്ലുവിലയോ?

കൊല്ലം: കേരളത്തെ വ്യവസായ സൗഹൃദമാക്കാനും, അനാവശ്യ സമരം നടത്തി വ്യവസായ സ്ഥാപനങ്ങള്‍ പൂട്ടിക്കുന്നത് തടയുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് വിലകൊടുക്കാതെ ഇടത് തൊഴിലാളി യൂണിയന്റെ പ്രവർത്തികൾ.

ക്രെയിന്‍ ഉപയോഗിച്ച്‌ സാധനങ്ങള്‍ ഇറക്കാന്‍ കോടതിയില്‍ നിന്ന് അനുകൂല ഉത്തരവുണ്ടായിരുന്ന ചാത്തന്നൂരിലെ ടോറിയന്‍ മെറ്റല്‍സ് ആന്‍ഡ് ട്രേഡിങ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിന് നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു, എഐടിയുസി തൊഴിലാളികള്‍ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ ബുദ്ധിമുട്ടിലാക്കുന്നു. സ്ഥാപനത്തിലേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങള്‍ പ്രവേശന കവാടത്തില്‍ തടഞ്ഞു പ്രവർത്തങ്ങൾക്ക് തടസ്സം സൃഷ്ടിക്കുകയാണ് ഇവര്‍.

ഒന്നരക്കോടിയോളം രൂപ വായ്പയെടുത്ത്, 2019ൽ ചാത്തന്നൂര്‍ സ്വദേശിയായ യുവ വ്യവസായി ഇരുമ്പ്, സ്റ്റീല്‍ മെറ്റല്‍ സ്ഥാപനം ആരംഭിച്ചത്. ലോഡിങ്ങുമായി ബന്ധപ്പെട്ട് ഇടതുയൂണിയനുകള്‍ സമരം നടത്തിയതോടെ സ്ഥാപനം അടച്ചിടേണ്ടി വന്നു. കോടതിയില്‍ നിന്ന് അനുകൂലവിധി നേടിയ ശേഷം വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയായിരിന്നു.

ഇപ്പോൾ വീണ്ടും ട്രേഡ് യൂണിയനുകൾ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്. ഇതിനിടെ, മുൻ ജനപ്രതിനിധി കൂടിയായ സിപിഐ നേതാവ് സ്ഥാപനത്തിൽ എത്തി ഉടമയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപണം. ലോഡിങ്ങിന് തൊഴിലാളികളെ മാത്രം ഉപയോഗിക്കണമെന്നും അതുമല്ലെങ്കിൽ നോക്കുകൂലി നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ഭീഷണി.

യൂണിയൻ തൊഴിലാളികള്‍ വ്യവസായ സ്ഥാപനത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞും ക്രെയിന്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനത്തിന് അനുകൂലമായും കോടതി വിധിയുണ്ട്. എന്നാൽ ഇതെല്ലാം ലംഘിച്ചുകൊണ്ടാണ് തൊഴിലാളികളുടെ പ്രവര്‍ത്തനം.തൊഴിലാളികളെ മുൻ നിർത്തി രാഷ്ട്രീയനേതാക്കള്‍ തങ്ങൾക്കിഷ്ടമുള്ള കാര്യങ്ങൾ നടപ്പാക്കുകയാണെന്ന് വ്യവസായി ആരോപിച്ചു.

Related Articles

Latest Articles