Thursday, May 9, 2024
spot_img

കൽക്കരി കുംഭകോണത്തിൽ കുരുക്ക് മുറുക്കി ഇഡി: മമത ബാനർജിയുടെ അനന്തരവനും ഭാര്യയ്ക്കും ഇഡി നോട്ടീസ്

കൊൽക്കത്ത: മമത ബാനർജിയുടെ അനന്തരവനും ഭാര്യയ്ക്കും ഇഡി നോട്ടീസ്(ED summons Mamata’s nephew, wife to Delhi in alleged coal smuggling case). കൽക്കരി അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് ബാനർജി ദമ്പതികളെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചത്. അഭിഷേകിനോട് മാർച്ച് 21 നും ഭാര്യയോട് 22 നും ഹാജരാകാനാണ് നിർദേശം.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനും പാർട്ടി ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിക്കും, ഭാര്യയ്ക്കുമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചത്. അതേസമയം കഴിഞ്ഞ വർഷം സെപ്തംബർ ആറിന് അഭിഷേകിനെ ദില്ലിയിൽ എട്ട് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

പിന്നാലെ അഭിഷേകും ഭാര്യയും ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ മാർച്ച് 11ന് ഹർജി തള്ളി. ഇതോടെയാണ് കേസിൽ വീണ്ടും ഇഡി നോട്ടീസ് അയച്ചത്. 2021 മാർച്ച് 15 ന് അഭിഷേക് ബാനർജിയുടെ ഭാര്യാസഹോദരിയുടെ ഭർത്താവ് അങ്കുഷ്, ഭാര്യാപിതാവ് പവൻ അറോറ എന്നിവർക്ക് സിബിഐ നോട്ടീസ് നൽകിയിരുന്നു. കൽക്കരി അഴിമതിയുമായി ബന്ധപ്പെട്ട് നവംബറിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. പിന്നാലെ ഇഡിയും സമാന്തര അന്വേഷണം ആരംഭിച്ചു.

പശ്ചിമ ബംഗാളിലെ പടിഞ്ഞാറൻ ഭാഗത്ത് പ്രവർത്തിക്കുന്ന റാക്കറ്റ്, അനധികൃത ഖനനം നടത്തി ആയിരക്കണക്കിന് കോടിയുടെ കൽക്കരി കരിഞ്ചന്തയിൽ വിറ്റുവെന്നാണ് ആരോപണം. ഖനനത്തിന്റെ ചുമതല കോൾ ഇന്ത്യ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ഇസിഎല്ലിനായിരുന്നു. ലാല എന്ന അനൂപ് മാജിയാണ് കേസിലെ പ്രധാന പ്രതി. ഖനനത്തിൽ നിന്ന് ലഭിച്ച പണം അഭിഷേക് ബാനർജിക്ക് ലഭിച്ചു എന്ന് കണ്ടെത്തി. എന്നാൽ എല്ലാ ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു. സംഭവത്തിൽ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കാനാണ് ഇഡിയുടെ തീരുമാനം.

Related Articles

Latest Articles